ഭുവനേശ്വര്‍: ഒഡീഷയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ എ.ബി.വി.പി സംസ്ഥാന നേതാവ് അറസ്റ്റില്‍. ബാലസോര്‍ ജില്ലയിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ 20 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഒഡീഷ എ.ബി.വി.പി നേതാവ് സംബിത് നായക്, ബിസ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബി.എസ്.സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയാണ് സംബിത് നായിക്. കേസില്‍ ബിസ്വാളിനും പങ്കുണ്ടെന്ന് തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു.
ഞായറാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബി.എന്‍.എസ് സെക്ഷന്‍ 108 (ആത്മഹത്യ പ്രേരണ), 61(2) (എ) (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി സമീറ കുമാര്‍ സാഹു, പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടി തീകൊളുത്തി മരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത് സംബിത് ആണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ഇരുവര്‍ക്കും പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ബിസ്വാള്‍ ശ്രമിച്ചതായിട്ടായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
‘ആദ്യം, പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ബിസ്വാള്‍ ശ്രമിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍, ഈ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയായിരുന്നുവെന്ന് അയാള്‍ക്ക് അറിയാമായിരുന്നെന്ന് മനസിലായി. തീകൊളുത്താനുള്ള ശ്രമം മൊബൈല്‍ ഫോണില്‍ ഇയാള്‍ പകര്‍ത്തിയതായും വ്യക്തമായി. അതിനിടയിലാണ് അദ്ദേഹത്തിന് പൊള്ളലേറ്റത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 12 ന്, ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കോളേജിലെ അധ്യാപകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി കോളേജ് മാനേജ്‌മെന്റ് അവഗണിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ബി.എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ കുറേ ദിവസങ്ങളായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞിരുന്നു.
90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
ആത്മഹത്യാ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി, എ.ബി.വിപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, രണ്ട് വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ എ.ബി.വി.പി പ്രസ്താവനയില്‍ അപലപിച്ചു.
‘ഈ വിഷയത്തില്‍ പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ എ.ബി.വി.പി തയ്യാറാണ്, എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും നിരപരാധികളായ അവരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ വിദ്യാര്‍ത്ഥി പരിഷത്ത് മൗനം പാലിക്കില്ല. എ.ബി.വി.പി പ്രവര്‍ത്തകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുള്ള ഒഡീഷ പൊലീസിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും’, സംസ്ഥാന സെക്രട്ടറി ദീപ്തിമയി പ്രതിഹാരി പ്രസ്താവനയില്‍ പറഞ്ഞു.