എസ്.ഐ.ആര്‍: ഒഡീഷയില്‍ നിന്നുള്ള 30 ലക്ഷം തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക ഉന്നയിച്ച് ബി.ജെ.ഡി
India
എസ്.ഐ.ആര്‍: ഒഡീഷയില്‍ നിന്നുള്ള 30 ലക്ഷം തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക ഉന്നയിച്ച് ബി.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2026, 6:50 pm

ഭുബനേശ്വര്‍: വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധനയില്‍ (എസ്.ഐ.ആര്‍) ഒഡീഷയില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷിയായ ബി.ജെ.ഡി. സംസ്ഥാനത്ത് നിന്നുള്ള 30 ലക്ഷത്തോളം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നതായാണ് കണക്കുകള്‍. ഇവര്‍ക്ക് എസ്.ഐ.ആര്‍ നടപടികളില്‍ പങ്കെടുക്കുന്നതില്‍ പ്രയാസങ്ങള്‍ നേരിടാമെന്ന് ബി.ജെ.ഡി ആശങ്ക ഉന്നയിക്കുന്നു.

എസ്.ഐ.ആര്‍ മൂന്നാം ഘട്ടത്തിലാണ് ഒഡീഷയിലെ വോട്ടര്‍ പട്ടികാ പുനപരിശോധന. ഒഡീഷ അടക്കം 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തില്‍ എസ്.ഐ.ആര്‍ നടപടികള്‍. മൂന്നാം ഘട്ടത്തില്‍ പെടുന്ന ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ന്(മെയ് 30) മുതലാണ് ബൂത്ത് തല ഉദ്യോഗസ്ഥരുടെ ഭവന സന്ദര്‍ശനം.

എസ്.ഐ.ആര്‍ പ്രക്രിയയില്‍ സംസ്ഥാനത്തുനിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കണമെന്ന് ബി.ജെ.ഡി ജനറല്‍ സെക്രട്ടറി ബിജയ് നായക് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം നടത്തണമെന്നും എസ്.ഐ.ആര്‍ പ്രക്രിയയില്‍ അവര്‍ക്ക് സഹായം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 28 വരെയാണ് സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ഭാഗമായി വീട് കയറിയുള്ള വോട്ടര്‍ പട്ടികാ പരിശോധന നടത്തുക. ജൂലൈ 5ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആര്‍.എസ്. ഗോപാലന്‍ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.

സംസ്ഥാനത്ത് സുതാര്യമായി എസ്.ഐ.ആര്‍ പ്രക്രിയ നടത്തണമെന്ന് ബി.ജെ.ഡി എം.പി സസ്മിത് പത്ര അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സുതാര്യമായും തെറ്റുകളില്ലാതെയും എസ്.ഐ.ആര്‍ നടപ്പാക്കണമെന്നായിരുന്നു ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ സസ്മിത് പത്ര ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് എസ്.ഐ.ആറിന് മുന്നോടിയായുള്ള നടപടികളില്‍ 9.8 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കാനായി കണ്ടെത്തിയതിലും ബി.ജെ.ഡി എം.പി അന്ന് ആശങ്ക അറിയിച്ചിരുന്നു. യഥാര്‍ത്ഥ വോട്ടര്‍മാരെ തെറ്റായി പുറത്താക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് ഹൗസ് ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം കൂടി പരിഗണിച്ചാണ് എസ്.ഐ.ആര്‍ മൂന്നാം ഘട്ടത്തിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തോടെ രാജ്യത്ത് ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയൊഴികെയുള്ള പ്രദേശങ്ങളിലെല്ലാം എസ്.ഐ.ആര്‍ പൂര്‍ത്തിയാകും.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നത് കണക്കിലെടുത്തും അവിടങ്ങളിലെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും പരിഗണിച്ചും എസ്.ഐ.ആര്‍ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

എസ്.ഐ.ആര്‍ മൂന്നാം ഘഘട്ടത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ജൂണ്‍ 8 മുതലും, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ജൂണ്‍ 15 മുതലും, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ജൂണ്‍ 25 മുതലും, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്,ദല്‍ഹി എന്നിവിടങ്ങളില്‍ ജൂണ്‍ 30 മുതലും നാഗാലാന്റില്‍ ഓഗസ്റ്റ് 16 മുതലും, ത്രിപുരയില്‍ സെപ്റ്റംബര്‍ 15 മുതലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഭവനസന്ദര്‍ശനം ആരംഭിക്കും.

Content Highlight: Odisha SIR: BJD cooncerns over  migrant workers