ന്യൂദല്‍ഹി: ഒഡീഷയില്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക പരാതി അവഗണിച്ചതില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. കോളേജ് അധികൃതര്‍ പരാതി അവഗണിച്ചതോടെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
വിഷയത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ ഡി.ജി.പിക്ക് നിര്‍ദേശവും നല്‍കി. കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും കുറ്റാരോപിതനായ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സമീര്‍ കുമാര്‍ സാഹുവിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ബാലസോറിലെ ഫാകീര്‍ മോഹന്‍ കോളേജിലെ ബി.എഡ് വകുപ്പ് മേധാവി സമീര്‍ സാഹുവിനെതിരായ പരാതി അവഗണിക്കപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്.
പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പാളിനെയും കുറ്റാരോപിതനായ ഫാക്കല്‍റ്റി അംഗത്തെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ പ്രിന്‍സിപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം, പെണ്‍കുട്ടിയുടെ അവയവങ്ങള്‍ക്ക് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഭുവനേശ്വര്‍ എയിംസ് അധികൃതര്‍ അറിയിച്ചത്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപകനെതിരെ പല തവണ പരാതി നല്‍കിയെങ്കിലും കോളേജ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിനിയെ വകുപ്പ് മേധാവി ഭീഷണിപ്പെടുത്തിയിരുന്നത്. ഇയാള്‍ ഭീഷണി തുടര്‍ന്നതോടെ ഇന്നലെ (ശനി)യാണ് കോളേജ് വിദ്യാര്‍ത്ഥി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
Content Highlight: National Commission for Women registers case of ignoring sexual complaint in Odisha