ഭുവനേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിൽ കുടിയേറ്റക്കാരനെന്ന് ആരോപിച്ച് മദ്രസ അധ്യാപകനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം മരക്കഷ്ണങ്ങൾ കൊണ്ട് അധ്യാപകനെ ആക്രമിച്ചത്. ആക്രമണത്തിൽ അധ്യാപകന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബീഹാർ സ്വദേശിയായ ഖാരി മുഹമ്മദ് റിയാസിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്.
അക്രമികളിൽ ഒരാളായ കമൽ ലോചൻ പൂജാരിയാണ് പൊലീസ് കസ്റ്റഡിയിലായത്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട റിയാസ് തന്നെയായിരുന്നു പരാതി നൽകിയത്. റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ലെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) ലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒഡിയ സംസാരിക്കാനറിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമികൾ യുവാവിനെ ആക്രമിച്ചത്. പൊലീസ് പറയുന്നതനുസരിച്ച്, രാത്രി 10 മണിയോടെ ലക്ഷ്മി ടാക്കീസ് ചൗക്കിന്ബ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങി റിയാസ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം അക്രമികൾ അദ്ദേഹത്തെ ഒരു കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. റിയാസിനോട് അവർ ഒഡിയയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഒഡിയ സംസാരിക്കാൻ റിയാസ് ബുദ്ധിമുട്ടിയപ്പോൾ അവർ അദ്ദേഹം കുടിയേറ്റക്കാരാണെന്ന് ഉറപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. അക്രമികൾ മരക്കഷണം ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു. തുടർന്ന് റിയാസിന് ഗുരുതരമായി പരിക്കേറ്റു.
പിന്നാലെ നാട്ടുകാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾ അഡീഷണൽ എസ്.പി അജയ് കെ. മിശ്രയ്ക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.
‘പഹൽഗാമിൽ സംഭവിച്ചതിൽ ഞങ്ങൾ ഒരുപോലെ അസ്വസ്ഥരാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. എന്നാൽ അത് ഒരു നിരപരാധിയെ ആക്രമിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. മദ്രസ അധ്യാപകൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അയാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടേനെ. കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഉചിതമായ നടപടിയെടുക്കുമെന്ന് പൊലീസ് ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്,’ അബ്ദുൾ കലാം പറഞ്ഞു.
Content Highlight: Odisha: Madrasa teacher attacked with wooden pieces in eyes; 1 held