ഒഡീഷയില്‍ മലയാളി വൈദികരെ ആക്രമിച്ച് ബജ്‌രംഗ്ദള്‍; കന്യാസ്ത്രീകള്‍ക്ക് നേരെ അസംഭ്യവര്‍ഷ്യവും
India
ഒഡീഷയില്‍ മലയാളി വൈദികരെ ആക്രമിച്ച് ബജ്‌രംഗ്ദള്‍; കന്യാസ്ത്രീകള്‍ക്ക് നേരെ അസംഭ്യവര്‍ഷ്യവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 9:35 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍. 70 അംഗ സംഘം ചേര്‍ന്ന് കന്യാത്രീകളെയും വൈദികരെയും ആക്രമിക്കുകയായിരുന്നു. ജലേശ്വരം ഗംഗാധരം ഗ്രാമത്തിലാണ് സംഭവം.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ആറിന് ഒമ്പത് മണിയോടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. നിലവില്‍ ഇരുവരും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയുടെ രണ്ടാമത്തെ ചരമവാര്‍ഷികത്തിനായാണ് ഗംഗാധരം ഗ്രാമത്തിലെത്തിയതെന്നാണ് വൈദികര്‍ പറയുന്നത്.

വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേഷ്യപ്പെടുകയും ബി.ജെ.ഡി അല്ല ബി.ജെ.പിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും ബജ്‌രംഗ് പ്രവര്‍ത്തകര്‍ പറഞ്ഞതായും വൈദികര്‍ പറയുന്നു.

ബജ്‌രംഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ മുഖത്തടിച്ചതായും കന്യാസ്ത്രീകളെ അസംഭ്യം പറഞ്ഞതായും വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സി.ബി.സി.ഐ ആവശ്യപ്പെട്ടു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും ഛത്തീസ്ഗഡിലെ സംഭവത്തിന് ശേഷം ഒഡീഷയിലും മലയാളി കന്യാസ്ത്രീകളെ ബജ്‌രംഗ്ദള്‍ ലക്ഷ്യമിടുകയാണെന്നും സി.ബി.സി.ഐ പ്രതികരിച്ചു.

അതേസമയം മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് രംഗത്തെത്തിയത്.

പിന്നീട് ബജ്‌രംഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ഇതിനുപിന്നാലെ എന്‍.ഐ.എ കോടതിയെ സമീപിച്ച കന്യാസ്ത്രീകള്‍ക്ക് ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം.

Content Highlight: Bajrang Dal attacks Malayali priests in Odisha; also rains abuses on nuns