ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ട എട്ട് ഒഡിയ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതമാണ് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഛത്രപൂര്‍ സ്വദേശി ജഗന്‍ മോഹന്‍, പൈകരാപൂര്‍ സ്വദേശി ലഗ്‌നജീത് ദുവാരി, പര്‍ബതിപൂര്‍ സ്വദേശിയായ മനോജ് റൗട്ട്, എറബങ്കയിലെ ഡോലഗോബിന്ദ സാഹു, ധര്‍മശാല സ്വദേശിയായ രമേഷ് ഭദ്രാങ് ഗോദ, നബരനങ്പൂര്‍ സ്വദേശികളായ ചൈത ഭദ്ര, രമേശ് ഗൗഡ ബെര്‍ഹാംപൂരിലെ പ്രശാന്ത് മൊഹാപത്ര എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ച ഒഡിയക്കാര്‍.
പട്ടാഞ്ചേരു, സംഗറെഡ്ഡി, കുക്കാട്ട്പള്ളി, മാധാപൂര്‍, ജീഡിമെറ്റ്‌ല, രാജേന്ദ്രനഗര്‍ എന്നിവയുള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് 11 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 150 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരില്‍ 90ഓളം പേര്‍ സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അപകടത്തെ തുടര്‍ന്ന് 38 തൊഴിലാളികളാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഫാര്‍മ കമ്പനിയും ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അതേസമയം അമിത ചൂടാകാം സ്‌ഫോടനത്തിന് കാരണമായതെന്ന് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സി കമ്മീഷണര്‍ എ.വി. രംഗനാഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി ഒരു ഡ്രയറില്‍ ഉണ്ടാകേണ്ട താപനില 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കണം. പക്ഷേ സിഗാച്ചിയിലെ ഡ്രയറില്‍ 399 ഡിഗ്രിക്ക് മുകളില്‍ താപനില ഉണ്ടായിരുന്നുവെന്ന് രംഗനാഥ് പറഞ്ഞു.
കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച് ചൂട് നിയന്ത്രിക്കാന്‍ അലാറം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഈ വാദം കമ്പനി നിഷേധിക്കുകയാണ് ചെയ്തത്.
Content Highlight: Odisha government announces financial assistance to eight Odias killed in Telangana blast