ബി.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വിജയിച്ചില്ല; ഒഡീഷയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി
national news
ബി.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വിജയിച്ചില്ല; ഒഡീഷയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 7:57 am

ഭുവനേശ്വർ: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.ഡിയുമായുള്ള ചർച്ചകൾ ഫലം കാണാത്തതിന് പിന്നാലെ ഒഡീഷയിലെ മുഴുവൻ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി.

കഴിഞ്ഞ ദിവസം കേന്ദ്രവുമായുള്ള ചർച്ചകൾക്ക് ശേഷം ദൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ സഖ്യമില്ലെന്നും ബി.ജെ.പി ഒറ്റക്ക് മത്സരിക്കുമെന്നും അറിയിച്ചു.

വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തയ്യാറെടുപ്പുകളെ കുറിച്ച് കേന്ദ്ര നേതാക്കളുമായി സംസാരിക്കാനാണ് ദൽഹിയിൽ പോയത് എന്നും സഖ്യവും സീറ്റ് വിഭജനവും സംബന്ധിച്ച് ഒരു പാർട്ടിയുമായും ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരു തെരഞ്ഞെടുപ്പുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസവും സമൽ പങ്കുവെച്ചു.

അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമവായമില്ലാത്തതുകൊണ്ടാണ് ഒഡീഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡിയുമായി സഖ്യമില്ലാത്തത് എന്നാണ് വിവരം.

147 അംഗങ്ങളുള്ള ഒഡീഷ നിയമസഭയിൽ 100 സീറ്റിലധികം തങ്ങൾക്ക് വേണമെന്ന് ബി.ജെ.ഡി എ ആവശ്യപ്പെട്ടുവെന്നും ഇത് ബി.ജെ.പി അംഗീകരിച്ചില്ലെന്നുമാണ് ബി.ജെ.പി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.

75 ശതമാനത്തിലധികം നിയമസഭാ സീറ്റുകളാണ് ബി.ജെ.ഡി ആവശ്യപ്പെടുന്നതെന്നും ഇത് നൽകിയാൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ 114 സീറ്റുകളാണ് ബി.ജെ.ഡിക്ക് ഒഡീഷയിലുള്ളത്.

അതേസമയം ആകെയുള്ള 21 ലോക്സഭാ സീറ്റുകളിൽ 14ഉം വേണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഈ ആവശ്യം ബി.ജെ.ഡിയും നിരസിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി 12 സീറ്റുകളും ബി.ജെ.പി എട്ട് സീറ്റുകളുമാണ് നേടിയത്.

ബി.ജെ.ഡിയുമായുള്ള സഖ്യത്തിന് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾക്ക് വിയോജിപ്പായിരുന്നു. മാർച്ച്‌ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു സഖ്യം സംബന്ധിച്ച ചർച്ചകൾ സജീവമായത്.

Content Highlight: Odisha BJP hints at contesting LS, state polls alone after seat-sharing talks with BJD hit hurdles