ഒഡീഷയില്‍ 15കാരിയെ തീവെച്ച് കൊലപ്പെടുത്താന്‍ അജ്ഞാതരുടെ ശ്രമം
India
ഒഡീഷയില്‍ 15കാരിയെ തീവെച്ച് കൊലപ്പെടുത്താന്‍ അജ്ഞാതരുടെ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 9:29 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ 15കാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് അജ്ഞാതര്‍. പുരി ജില്ലയിലെ ബയബര്‍ ഗ്രാമത്തിലാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചഴച്ച് ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇന്ന് (ശനി) രാവിലെ എട്ടരയോടെയാണ് അതിക്രമം നടന്നത്. ബയബറിലെ ഭാര്‍ഗവി നദിയുടെ സമീപത്ത് വെച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

ശരീരത്തില്‍ 70 ശതമാനത്തോളം പൊളളലേറ്റ പെണ്‍കുട്ടി നിലവില്‍ ഗുരുതരവസ്ഥയില്‍ തുടരുകയാണ്. ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലാണ് 15കാരി ചികിത്സയില്‍ കഴിയുന്നത്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിപിലിയിലെ കമ്മ്യൂണിറ്റിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

15കാരിക്കെതിരായ ആക്രമണത്തില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ദുഃഖം രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം അധ്യാപകനെതിരായ പീഡന പരാതി അവഗണിച്ചതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 15കാരിക്കെതിരായ അതിക്രമം.

ശരീരത്തിന്റെ 95 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒഡീഷയിലെ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.

കോളേജിലെ ബി.എഡ് വകുപ്പ് മേധാവി സമീര്‍ സാഹുവിനെതിരായ ലൈംഗികാതിക്രമത്തില്‍ ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പാളും കോളേജ് അധികൃതരും നടപടി സ്വീകരിക്കാത്തതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വകുപ്പ് മേധാവിയുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു.

കുറ്റാരോപിതനായ അധ്യാപകനെതിരെ കോളേജ് അധികൃതരോ പൊലീസോ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.

Content Highlight: Unknown persons attempt to set 15-year-old girl on fire in Odisha