'ഏതാണ്ട് ഒരു പകല്‍ മുഴുവന്‍ കടലില്‍ അതേ കിടപ്പു കിടക്കുകയായിരുന്നു'; ഓഖിയില്‍ തകര്‍ന്ന ബോട്ടില്‍ നിന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി ആ ദിവസത്തെ യാത്ര ഓര്‍ക്കുന്നു
Life on Coastline
'ഏതാണ്ട് ഒരു പകല്‍ മുഴുവന്‍ കടലില്‍ അതേ കിടപ്പു കിടക്കുകയായിരുന്നു'; ഓഖിയില്‍ തകര്‍ന്ന ബോട്ടില്‍ നിന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി ആ ദിവസത്തെ യാത്ര ഓര്‍ക്കുന്നു
സിന്ധു നെപ്പോളിയൻ
Tuesday, 23rd January 2018, 9:21 am

ഇതൊരു മത്സ്യത്തൊഴിലാളിയുടെ യഥാര്‍ത്ഥ അനുഭവമാണ്. കഥകള്‍ ബാക്കിവെച്ചു കടന്നുപോയൊരു കാറ്റിനെ വകവെയ്ക്കാതെ ജീവിതത്തിലേക്കു നീന്തിയെത്തിയ ഒരു മുക്കുവന്റെ കഥ. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തെ കടന്നുപോയിട്ട് ഇന്നേക്ക് 50 ദിവസമാകുമ്പോള്‍ കാറ്റ് ഉപേക്ഷിച്ചു പോയ അവശേഷിപ്പുകള്‍ ഏറെയാണ്. ഗൃഹനാഥന്മാര്‍ തിരികെയെത്താത്ത മുക്കുവ ഭവനങ്ങളുടെ എണ്ണം മുന്നൂറോളം വരും. പൊഴിയൂരിലും പൂവാറിലും വിഴിഞ്ഞത്തും പൂന്തുറയിലും തുമ്പയിലുമെല്ലാമായി അഞ്ചും പത്തും ഇരുപതുമായി നിരവധി മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. മരിച്ച എഴുപത്തഞ്ചോളം പേരെ കൂടാതെ രണ്ടും മൂന്നും ദിവസങ്ങളോളം കടലില്‍ അകപ്പെട്ടുപോയതിനൊടുവില്‍ എങ്ങനെയൊക്കെയോ കരയിലെത്തിച്ചേര്‍ന്ന, ദേഹമാസകലം പരിക്കുകളോടെ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഏറെ മത്സ്യത്തൊഴിലാളികളെ നിങ്ങള്‍ക്ക് ഈ തീരദേശഗ്രാമങ്ങളില്‍ കാണാനാവും.

അത്തരത്തിലൊരു അതിജീവനത്തിന്റെ നേരനുഭവം ഉള്ള ആളെന്ന നിലയിലാണ് പൂന്തുറ സ്വദേശിയായ ഡെല്‍ബോണിനെ കാണാന്‍ പോയത്. ഒരു സൂചനയ്ക്കുപോലും ഇടനല്‍കാതെ അതുവരെ സ്വന്തം അന്നമായിരുന്ന കടലിനെ ദുരന്തഭൂമിയാക്കിയ ഓഖിയെപ്പറ്റി തന്റെ ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും അദ്ദേഹം സംസാരിച്ചു.

തന്റെ ഭാര്യസഹോദരനുള്‍പ്പെടെ മറ്റു മൂന്നുപേര്‍ക്കൊപ്പമാണ് ഡെല്‍ബോണ്‍ ഇരുപത്തിയൊമ്പതാം തിയ്യതി പൂന്തുറയില്‍ നിന്നും ഫൈബര്‍ വള്ളത്തില്‍ ഉച്ച കഴിഞ്ഞ് കടലിലേക്കിറങ്ങുന്നത്. ഉള്‍ക്കടലിലേക്കു പോകുന്തോറും ചെറിയ തോതില്‍ കാറ്റുണ്ടായിരുന്നെങ്കിലും അത് ഈ സീസണില്‍ സാധാരണമായുണ്ടാകുന്ന താരതമ്യേന അപകടരഹിതമായ ചോളക്കാറ്റ് (വടക്കുനിന്നും തെക്കോട്ട് വീശുന്ന കാറ്റിനെ സൂചിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പദം) ആയതിനാല്‍ അവര്‍ കാര്യമായെടുത്തില്ല.

ശക്തമായ കാറ്റുണ്ടാകുമെന്നോ കടലില്‍ പോകുന്നത് ആപത്താണെന്നോ തരത്തിലുള്ള യാതൊരു മുന്നറിയിപ്പും തങ്ങള്‍ക്ക് കിട്ടിയിരുന്നില്ലെന്ന് ഡെല്‍ബോണ്‍ പറയുന്നു സാമാന്യം ഭേദപ്പെട്ട തോതില്‍ അയലയും കൊഴിയാളയും പോലുള്ള മത്സ്യങ്ങള്‍ നേരം പുലരുവോളം കിട്ടിക്കൊണ്ടിരുന്നു. പുലര്‍ച്ചെ ഏകദേശം മൂന്നുമണിയോടെ മഴ ശക്തമായപ്പോഴാണ് എത്രയും വേഗം വള്ളം കരയ്ക്കു പിടിക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങള്‍ നീങ്ങിത്തുടങ്ങിയത്.

“ദിക്ക് ഏതാണെന്നുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. അപ്പോള്‍ സമയം ഏതാണ്ട് മൂന്നുമണികഴിഞ്ഞു. നാല്‍പ്പത്തിയെട്ടു മൈല്‍ ദൂരം ഓടിയാലേ കരയെത്തുള്ളൂ എന്ന് ഞങ്ങളുടെ വള്ളത്തിലുണ്ടായിരുന്ന കമ്പ്യൂട്ടറില്‍ (ജി.പി.എസ് സംവിധാനം) കാണിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് ഇരുപത്തിരണ്ടു മൈല്‍ ദൂരം ഓടിക്കഴിഞ്ഞപ്പോഴേക്കും വള്ളത്തിലെ ഇന്ധനം തീര്‍ന്നുതുടങ്ങിയിരുന്നു.”

ഏതാണ്ട് അരമണിക്കൂറോളം നേരം കൂടി വള്ളം ഓടിച്ചു കഴിഞ്ഞപ്പോഴേക്കും പെട്ടെന്നൊരു ശക്തിയേറിയ കാറ്റ് വളളത്തിന്റെ നിയന്ത്രണം തെറ്റിച്ചു. ഒരിഞ്ചുപോലും നീങ്ങാന്‍ പറ്റാതെ വന്നതോടെ ആങ്കറിട്ടുകൊണ്ട് കുറച്ചുസമയം കാത്തിരിക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. “സമയം നീങ്ങുന്നതനുസരിച്ച് വള്ളത്തില്‍ പൊട്ടലുകളുണ്ടായി തുടങ്ങി. തുടര്‍ന്ന് ഞങ്ങള്‍ വരുന്നതുവരട്ടെ എന്നുകരുതിക്കൊണ്ട് ആങ്കറിന്റെ റോപ്പ് അറുത്തുമാറ്റുകയും നാലുപെരെക്കൊണ്ടു പറ്റുംപോലെ വള്ളത്തിനെ നിയന്ത്രിക്കാന്‍ സര്‍വ്വശക്തിയുമെടുത്ത് ശ്രമിക്കുകയുമായിരുന്നു”.

 

ഇത്രയും ശക്തമായ കാറ്റ് താനോ തങ്ങളുടെ കൂട്ടത്തിലുള്ളവരോ ജീവിതത്തിലുന്നുവരെ നേരിട്ടിട്ടില്ലെന്ന് ഡെല്‍ബോണ്‍ പറയുന്നു. സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചുകൊണ്ട് മനോധൈര്യം കൈവിടാതെ സൂക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നും അവര്‍ക്കപ്പോള്‍ ചെയ്യാനില്ലായിരുന്നു.

ഇടയ്ക്കെപ്പോഴോ ശക്തമായൊരു തിരയടിയില്‍ തെറിച്ച് ഡെല്‍ബോണ്‍ കടലിലേക്കു വീണു. സകല ശക്തിയും പ്രയോഗിച്ച് നീന്തി വള്ളത്തിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും വള്ളം കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. “പിടിച്ചു കിടക്കാന്‍ ഒരു മരക്കഷണമോ കന്നാസോപോലും ഇല്ലാതെ ഞാന്‍ മരിക്കുമെന്നു തന്നെ തോന്നിയിരുന്നു. അന്നേരത്തെ മഴയിലും നിലയ്ക്കാതെ വീശിയകാറ്റിലും ഞാന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കണ്‍വെട്ടത്തുതന്നെയുള്ള വള്ളത്തിനടുത്തെത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല. അധികം വൈകാതെ ഞങ്ങളുടെ വള്ളം എന്റെ കണ്‍വെട്ടത്തുനിന്നും മറഞ്ഞു.”

ഏതാണ്ട് ഒരു പകലു മുഴുവന്‍ ഡെല്‍ബോണ്‍ കടലില്‍ അതേ കിടപ്പു കിടന്നു. പിറ്റേന്ന് (മുപ്പതാം തിയ്യതി) വൈകിട്ട് ആറുമണിയായപ്പോഴേക്കും കുറച്ചുദൂരയായി ഒരു വള്ളം മുറിഞ്ഞു കിടക്കുന്നതും മൂന്നുപേര്‍ ആ വള്ളത്തില്‍ പിടിക്കുന്നതും താന്‍ കണ്ടുവെന്നും ഡെല്‍ബോണ്‍ പറയുന്നു.

 

“കൈ ഒരിഞ്ചുപോലും അനക്കാനാവുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാനങ്ങനെയൊക്കെയോ അവരുടെ ശ്രദ്ധയാകര്‍ഷിച്ചു. എന്നെ കണ്ടതും അവര്‍ ഒരു കന്നാസ് എറിഞ്ഞുതന്നു. ആ കന്നാസും പിടിച്ച് നീന്തിക്കൊണ്ട് എങ്ങനെയോ ഞാനവരുടെ വള്ളത്തിനടുത്തെത്തി. ആ രാത്രി മുഴുവന്‍ ഞങ്ങള്‍ നാലുപേരും കൂടി കമിഴ്ന്നു കിടന്ന ആ വള്ളത്തിനു മുകളിലായി കിടന്ന് നേരം വെളുപ്പിച്ചു. പുലര്‍ച്ചെ ഏതാണ്ടു മൂന്നുമണി കഴിഞ്ഞതോടെ കൂട്ടത്തിലൊരാള്‍ തീരെ അവശനായി തുടങ്ങി.”

നേരം വെളുത്തതോടെ ഒരു ചരക്കുകപ്പല്‍ ഞങ്ങളുടെ സമീപത്തുകൂടി പോയി. ഞങ്ങളെല്ലാം കൂടി നിലവിളിച്ച് അവരുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും കപ്പല്‍ നിര്‍ത്താനോ ഞങ്ങളെ സഹായിക്കാനോ മുതിരാതെ കടന്നുപോയെന്നും അദ്ദേഹം പറയുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഒരു മത്സ്യബന്ധന ബോട്ട് ഡെല്‍ബോണിനേയും മറ്റും കണ്ടതും രക്ഷിച്ചതും. “ഇനയത്തുളള ഒരു ബോട്ടുകാരായിരുന്നു അവര്‍. അവര്‍ ഞങ്ങളെ നാലുപേരെയും രക്ഷിച്ച് അവരുടെ ബോട്ടില്‍ കയറ്റി. ഞാന്‍ നേരത്തെ സൂചിപ്പിച്ച, ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന മുപ്പതുവയസോളം പ്രായം വരുന്ന ആ ചെറുപ്പക്കാരനെ തീരെ അവശനായാണ് ബോട്ടില്‍ കയറ്റിയത്. ബോട്ട് കുറച്ച് നീങ്ങിത്തുടങ്ങിയതും തനിക്ക് കിടക്കണമെന്നും പറഞ്ഞ് അയാള്‍ ബഹളം വെച്ചു. ഇപ്പോള്‍ കിടക്കരുതെന്നും ബോട്ടിലുണ്ടായിരുന്ന മുറുക്കാനെടുത്ത് കൊടുത്തുകൊണ്ട് അത് ചവച്ചുകൊണ്ടിരിക്കാനും തങ്ങളെല്ലാവരും പറഞ്ഞെങ്കിലും അവന്‍ അനനുസരിക്കാതെ ബോട്ടിന്റെ നിലത്ത് കിടന്നു. ഏകദേശം ഒരു മണിക്കൂറത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ കരയ്ക്കെത്തിയപ്പോഴേക്കും അവന്‍ മരിച്ചിരുന്നു.”

ഞങ്ങള്‍ കയറിയ ആ ബോട്ട് കുറച്ചുകൂടി മുന്നോട്ടുവരുന്ന വഴിയില്‍ ഇതേ അപകടത്തില്‍പ്പെട്ട് കിടന്ന ഒരു വള്ളത്തിലെ ആറുപേരെയും കൂടി രക്ഷിച്ചിരുന്നു. ഒരു അരമണിക്കൂര്‍ മുമ്പേ വന്നിരുന്നെങ്കില്‍ അവരുടെ കൂട്ടത്തിലെ ഒരു യുവാവിനെയും കൂടി ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. കഷ്ടിച്ച് അരമണിക്കൂര്‍ മുമ്പായിരുന്നു ആ കൂട്ടത്തിലെ യുവാവ് അവശനായി താഴ്ന്നുപോയത്…”

 

രാത്രി ഏകദേശം ഒമ്പതുമണിയോടെയാണ് ഡെല്‍ബണും അദ്ദേഹത്തെ രക്ഷപ്പെടുത്തിയ ബോട്ടിലുള്ളവരും വിഴിഞ്ഞത്ത് വള്ളമടുപ്പിക്കുന്നത്. ഇരുപത്തൊന്‍പതാം തിയ്യതി ഉച്ചയ്ക്ക് പൂന്തുറയില്‍ നിന്നും മത്സ്യബന്ധത്തിന് തിരിച്ച അദ്ദേഹം ഒന്നാം തിയ്യതി രാത്രി വിഴിഞ്ഞത്തെ തീരത്ത് രക്ഷപ്പെട്ട് എത്തിയതിനിടയില്‍ കണ്‍മുമ്പില്‍ ഒരു മരണവും മരണത്തെയും ജീവിതത്തേയും നേരിയ നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തില്‍ നഷ്ടപ്പെടുത്തിയ മനുഷ്യരെയും കണ്ടിരുന്നു. ഒപ്പം ഒരു പകലും രണ്ടു രാത്രിയും ഉപ്പിന്റെ നീറ്റല്‍ മാത്രം കൊണ്ട് തണുത്തുറഞ്ഞ കടല്‍വെള്ളത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചുകിടക്കുകയും ചെയ്തു.

ഇതൊരു ഡെല്‍ബണിന്റെ മാത്രം കഥയല്ല, ഇതുപോലെ എത്രയോപേര്‍ ഇന്ന് അതിജീവനത്തിന്റെ ഉപ്പുമണമുളള അനുഭവങ്ങളുമായി ഓഖിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടെത്തിയിരിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കും പറയാനുണ്ട് സര്‍ക്കാര്‍ അലംഭാവത്തിന്റെ കഥകള്‍:

ഓഖിക്കുശേഷം ഇത്രയും ദിവസം കടന്നുപോയിട്ടും ഇതുവരെ എത്രപേരെ കാണാനായി എന്ന കൃത്യമായ കണക്ക് സര്‍ക്കാരിന് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. എണ്‍പതിലധികം പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൂന്നൂറിലേറെ പേരെ കാണാതായതായാണ് അനൗദ്യോഗിക കണക്ക്. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ഒത്തുനോക്കുന്ന പ്രക്രിയ തുടരുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ തക്ക നടപടികളൊന്നും തന്നെയുണ്ടായിട്ടില്ലെന്നാണ് ഡെല്‍ബോണ്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്കായി സുരക്ഷാ കിറ്റ് വിതരണം ചെയ്തിരുന്നതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കാര്‍ക്കും ഇത് കിട്ടിയിട്ടുമില്ല.

വെള്ളത്തില്‍ വീണുപോയാല്‍ പൊങ്ങി കിടക്കാന്‍ സഹായിക്കുന്ന ലൈഫ് ജാക്കറ്റ്, അപകടമുണ്ടായാലുടനെ ഓണാക്കി വെള്ളത്തിലിട്ടുകൊണ്ട് അലെര്‍ട്ട് സിഗ്നലുകളെത്തിക്കാന്‍ ഉപകരിക്കുന്ന ബീക്കണ്‍, മൂന്നുദിവസംവരെ വിശപ്പുപിടിച്ചുനിര്‍ത്താന്‍ പോന്ന എനര്‍ജി ബിസ്‌കറ്റുകള്‍ എന്നിവയടങ്ങിയതായിരുന്നു ഈ സുരക്ഷാ കിറ്റുകള്‍. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ചു മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമാണ് ഈ കിറ്റുകള്‍ വിതരണം ചെയ്തത്. വലിയൊരു വിഭാഗം ആളുകള്‍ക്കും ഇപ്പോഴും ഈ കിറ്റുകള്‍ അന്യമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കിറ്റു കിട്ടിയവര്‍ പറയുന്നത് അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷം ഇവ പ്രവര്‍ത്തനരഹിതമായെന്നും ഇതുമായി ഫിഷറീസ് ഓഫീസിലേക്കു പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മറുപടിയുമുണ്ടായില്ലെന്നുമാണ്.

ഓരോ ദിവസവും എത്രയോപേര്‍, ഏതൊക്കയോ മത്സ്യബന്ധനഗ്രാമങ്ങളിലും തുറമുഖങ്ങളിലും നിന്നുമായി കടലിലേക്ക് പോകുന്നു, ഏതുതരം മത്സ്യബന്ധനയാനത്തില്‍ പോകുന്നു, വള്ളത്തിന് രജിസ്‌ട്രേഷന്‍ നമ്പറുള്ളതാണോ, എപ്പോള്‍ പോകുന്നു, എപ്പോള്‍ മടങ്ങിവരുന്നു, കടലില്‍വെച്ച് ആര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നിങ്ങനെയുള്ള വിവരങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കുന്ന യാതൊരു സംവിധാനവും ഇവിടെയില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ഓരോ കടല്‍ ദുരന്തസമയത്തും പ്രഖ്യാപിക്കുന്ന മറൈന്‍ ആംബുലന്‍സുകള്‍ ഓഖിയ്ക്കുശേഷവും അനങ്ങിയിട്ടില്ല. 2013 ലെ സംസ്ഥാന ബഡ്ജറ്റില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണിയാണ് തീരദേശ മേഖലയ്ക്ക് മറൈന്‍ ആംബുലന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തിനിപ്പുറവും ഓഖി ദുരന്തം ഓര്‍മ്മിപ്പിക്കുന്നത് ആ മറൈന്‍ ആംബുലന്‍സ് പദ്ധതി എന്തായെന്നാണ്.

സിന്ധു നെപ്പോളിയൻ
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ എം.എ. കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി. തിരുവനന്തപുഷം ജില്ലയിലെ പുല്ലുവിള എന്ന മത്സ്യബന്ധന ഗ്രാമമാണ് സ്വദേശം. Coastal Students Cultural Forum, Friends of Marine Life എന്നീ എൻ.ജി.ഒ. കളിൽ പ്രവർത്തിക്കുന്നു.