എഡിറ്റര്‍
എഡിറ്റര്‍
വാള്‍സ്ട്രീറ്റ് സമരം കരുത്താര്‍ജ്ജിക്കുന്നു: മെയ് ഒന്നിന് പണിമുടക്കാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം
എഡിറ്റര്‍
Tuesday 20th March 2012 11:11am

വാഷിംഗ്ടണ്‍: പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രവര്‍ത്തകര്‍ മെയ് ഒന്നിന് പണിമുടക്കിന് ആഹ്വാനം ചെയ്തു. പോലീസ് നടപടിയെ വിമര്‍ശിച്ച് സുക്കോട്ടി പാര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഒക്കുപൈ സമരത്തിന്റെ കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ക്കിലെത്തിയ നിരവധിയാളുകളെ പോലീസ് അറസ്റ്റു ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. 73 പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭകര്‍ മെയ് ഒന്നിന് സമരത്തിന് ആഹ്വാനം ചെയ്തത്.

രാജ്യം മുഴുവന്‍ മെയ് ഒന്നിലെ സമരത്തില്‍ പങ്കുചേരണമെന്ന് ഒക്കുപൈ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. അന്നേദിവസം മുതിര്‍ന്നവര്‍ ജോലിക്ക് പോകാതെയും കുട്ടികള്‍ സ്‌കൂളില്‍ പോകാതെയും പണം ചിലവഴിക്കാതെയും സമരത്തില്‍ പങ്കാളിയാവണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമേ ആ ദിവസം വിവിധ സംഘടകള്‍ ഒത്തുചേര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാര്‍ച്ച് നടത്താനും പദ്ധതിയുണ്ട്.

തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പോലീസ് നടപടിയെ അപലപിച്ച നേതാക്കള്‍  പ്രക്ഷോഭകരുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രൊട്ടസ്റ്റേഴ്‌സ് ബില്‍ ഓഫ് റൈറ്റ്‌സ് കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു.

‘ശനിയാഴ്ച രാത്രി സമാധാനപരമായി പ്രതിഷേധസമരം നടത്തിയ ആളുകളോട് പോലീസ് ക്രൂരമായി പെരുമാറുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാലാണ് ഇന്ന് ഞാനിവിടെ എത്തിയത്. തീവ്രവാദത്തിനെതിരെ യുദ്ധം ചെയ്യുന്നതുപോലെ ഞങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടണമെന്ന് മേയര്‍ ബ്ലൂംബേര്‍ഗിനോടും കമ്മീഷണര്‍ കെല്ലിയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ സമരനേതാക്കളിലൊരാളായ ഡാനിസ് റോഡ്രിഗ്വസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിഷേധക്കാരുടെ അവകാശങ്ങളെ ആദരിക്കുന്നെന്ന് പറഞ്ഞ് സമരക്കാരുടെ ആരോപണങ്ങളെ മേയര്‍ പ്രതിരോധിച്ചു. എങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന് പോലീസിന് നന്നായി അറിയാം. അവര്‍ നിങ്ങളെ സമരം ചെയ്യാന്‍ അനുവദിക്കും, എന്നാല്‍ അത് വഷളാക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

അതേസമയം പ്രക്ഷോഭകരെ പോലീസ് മര്‍ദ്ദിച്ച് തള്ളിയിട്ടതായി സ്ഥലത്തുണ്ടായിരുന്ന 27 കാരിയായ ലിസ്‌ബെത്ത് റാപ്പ് പറഞ്ഞു. തനിക്ക് സമീപമുണ്ടായിരുന്ന മറ്റൊരു യുവതിയുടെ തലയ്ക്ക് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് പരുക്കേറ്റതായും റാപ്പ് വ്യക്തമാക്കി.

തങ്ങളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന സ്ത്രീകളുടെ ആവശ്യം പോലീസുകാര്‍ പരിഗണിച്ചില്ല. മൂക്കാല്‍ മണിക്കൂര്‍ കഴിഞ്ഞശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും റാപ്പ് വെളിപ്പെടുത്തി.

ഒക്കുപൈ പ്രോക്ഷഭകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ഒക്ടോബറില്‍ ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ ഒത്തുകൂടിയ പ്രക്ഷോഭകരില്‍ 700 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേ മാസം തന്നെ ഓക്ക്‌ലാന്റില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് സമരക്കാരിലൊരാളുടെ തലയോടിന് പരുക്കേറ്റിരുന്നു.

Malayalam News

Kerala News In English

Advertisement