അധിനിവേശത്തിന് വഴങ്ങാത്ത നിലപാടുകള്‍ ; ഫലസ്തീനില്‍ നിന്നും ഫാദര്‍ ലൂയിസ് സല്‍മാനെ നാടുകടത്തി ഇസ്രഈല്‍
World
അധിനിവേശത്തിന് വഴങ്ങാത്ത നിലപാടുകള്‍ ; ഫലസ്തീനില്‍ നിന്നും ഫാദര്‍ ലൂയിസ് സല്‍മാനെ നാടുകടത്തി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2026, 1:11 pm

ബെത്ലഹേം: വെസ്റ്റ് ബാങ്കിലെ കത്തോലിക്കാ സഭയ്ക്കും ഫലസ്തീന്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കുമിടയില്‍ വലിയ സ്വാധീനമുള്ള പുരോഹിതന്‍ ഫാദര്‍ ലൂയിസ് സല്‍മാനെ ഫലസ്തീനില്‍ നിന്നും പുറത്താക്കി ഇസ്രഈല്‍ അധികൃതര്‍.

വിസ പുതുക്കി നല്‍കാന്‍ ഇസ്രഈല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, തന്റെ സേവനമേഖലയായിരുന്ന ഫലസ്തീന്‍ വിട്ട് ജന്മനാടായ ജോര്‍ദാനിലേക്ക് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു.

ഇസ്രഈല്‍ സര്‍ക്കാരിന്റെ ഈ നടപടി ഫലസ്തീനിലെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ രോഷത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

ബെത്ലഹേമിനടുത്തുള്ള ബെയ്റ്റ് സഹോറിലെ ലാറ്റിന്‍ പള്ളിയില്‍ ഞായറാഴ്ച നടന്ന വിടവാങ്ങല്‍ കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

കണ്ണീരോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട പാസ്റ്റര്‍ക്ക് വിശ്വാസികള്‍ വിട നല്‍കിയത്. വെസ്റ്റ് ബാങ്കിലെ കത്തോലിക്കാ യുവാക്കളുടെ ആത്മീയ ഉപദേഷ്ടാവായ അദ്ദേഹം, 2025-ലെ റോം തീര്‍ത്ഥാടനത്തിന് ഫലസ്തീന്‍ യുവാക്കളെ നയിക്കാനിരിക്കെയാണ് ഈ നാടുകടത്തല്‍.

ഫാദര്‍ ലൂയിസിന്റെ രാഷ്ട്രീയ നിലപാടുകളും ഇസ്രഈല്‍ അധിനിവേശത്തിനെതിരായ അദ്ദേഹത്തിന്റെ പരസ്യ പ്രതികരണങ്ങളുമാണ് ഇസ്രഈലിനെ പ്രകോപിപ്പിച്ചത്.

2022ല്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ സംസ്‌കാര ഘോഷയാത്രയ്ക്ക് ജെനിനില്‍ നേതൃത്വം നല്‍കിയത് ഫാദര്‍ ലൂയിസ് ആയിരുന്നു. ഇതിനെ ‘രാഷ്ട്രീയ പ്രകോപനം’ എന്നാണ് ഇസ്രഈല്‍ വിശേഷിപ്പിച്ചത്.

ഇസ്രഈലിനെ ‘അധിനിവേശ ശക്തി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെയും ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെയും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു.

വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യന്‍ ഗ്രാമമായ തായ്‌ബെയില്‍ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അദ്ദേഹം നിലകൊണ്ടതും ഇസ്രഈല്‍ അധികൃതരെ ചൊടിപ്പിച്ചു.

എന്നാല്‍ ഫാദര്‍ ലൂയിസ് സല്‍മാന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് നിയമനടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.

സഭയുടെ ആഭ്യന്തര കാര്യങ്ങളിലും ജീവനക്കാരുടെ നിയമനത്തിലും ഇസ്രഈല്‍ നേരിട്ട് ഇടപെടുന്നത് ഇതാദ്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈലിലെ നിലവിലെ വലതുപക്ഷ ഗവണ്‍മെന്റിന് കീഴില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള വിദ്വേഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ജറുസലേമില്‍ വൈദികര്‍ക്ക് നേരെ തുപ്പുന്നതുപോലുള്ള സംഭവങ്ങളും, പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

തീവ്ര ദേശീയവാദി നേതാവായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ആഭ്യന്തര സുരക്ഷാ മന്ത്രിയായത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്ന് ജറുസലേമിലെ ഡോര്‍മിഷന്‍ മൊണാസ്ട്രിയിലെ മഠാധിപതി ഫാദര്‍ നിക്കോഡെമസ് ഷാബെല്‍ ആരോപിച്ചു.

1989-ല്‍ ജോര്‍ദാനില്‍ ജനിച്ച ഫാദര്‍ ലൂയിസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ ബിരുദം നേടിയ ശേഷമാണ് വൈദിക ശുശ്രൂഷയിലേക്ക് എത്തിയത്. മാനുഷികവും ദേശീയവുമായ നിലപാടുകളിലൂടെ ഫലസ്തീന്‍ ജനതയുടെ ഹൃദയം കീഴടക്കിയ ശേഷമാണ് അദ്ദേഹം ഇപ്പോള്‍ പടിയിറങ്ങുന്നത്.

Content Highlight: Occupation forces expel Catholic priest from Palestine amidst widespread anger in Christian circles