ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ഗൂഗിളിന്റെ 'ഡ്രൈവറില്ലാ' കാര്‍
Big Buy
ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ഗൂഗിളിന്റെ 'ഡ്രൈവറില്ലാ' കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2014, 9:06 pm

carഒരു യാത്ര പോവണം, അതും സ്വന്തം കാറില്‍. പക്ഷേ യാത്രയിലുടനീളം കാര്‍ ഓടിച്ച് ക്ഷീണിക്കാന്‍ വയ്യ. അത്തരക്കാര്‍ക്ക് ഇറങ്ങിയതാണ് ഗൂഗിളിന്റെ റോബോട്ടിക് കാര്‍. നിങ്ങളെയും കൊണ്ട് കാര്‍ സ്വയം ഓടിച്ച് പോവുമെന്ന് ഗുഗിള്‍ പറയുന്നു. സംഗതി സത്യം തന്നെ. പക്ഷേ ഡ്രൈവര്‍ ആവശ്യമില്ലാത്ത കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ് ആശാനെ നന്നായി ഒന്നറിയുക.

ജി.പി.എസ് സംവിധാനം ഉപോയഗിച്ച് അതിസുരക്ഷയോടെ 700,000 മൈല്‍സ് ഓടാന്‍ ഈ കാറിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ ശക്തമായ മഴയോ, മഞ്ഞു വീഴ്ച്ചയോ വന്നാല്‍ യാത്ര പാതിവഴിയിലാകും. മുന്നോട്ട് പോകാതെ കാര്‍ സമരം പ്രഖ്യാപിക്കുമെന്നര്‍ത്ഥം.

മുമ്പേ രേഖപ്പെടുത്താത്ത പക്ഷം എല്ലാ ട്രാഫിക് സിഗനലുകളെയും അനുസരിക്കാനും ഈ റോബോട്ടിക് വിരുതനു കഴിയില്ല. ട്രാഫിക് നിയമങ്ങള്‍ പാലിച്ച്‌കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നാണ് അവകാശവാദമെങ്കിലും അമേരിക്കയിലെ 99 ശതമാനം റോഡുകളെയും കൈകാര്യം ചെയ്യാന്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എം.ഐ.ടി ടെക്‌നോളജി പുറത്തിറക്കിയ റിവ്യൂവിലാണ് റോബോട്ടിക് കാറിന്റെ ന്യൂനതകളെ തുറന്നുകാട്ടുന്നത്.

കനത്ത മഴയിലും മഞ്ഞിലും മുമ്പില്‍ വരുന്ന ട്രാഫിക് സിഗ്നലുകളെ തിരിച്ചറിയാന്‍ റോബോട്ടിക് കാറിന് സാധിക്കുന്നില്ല. വലിയ പാറകളെയും റോഡില്‍ ഉപേക്ഷിച്ച മാലിന്യ കവറുകളെയും വേര്‍തിരിച്ചറിയാന്‍ ഗൂഗിള്‍ കാറിനാവുന്നില്ലെന്നും റിവ്യു കുറ്റപ്പെടുത്തുന്നു.

car2

സാങ്കേതികമായ പ്രശ്‌നങ്ങള്‍ നീണ്ടനിര തന്നെയുണ്ടെങ്കിലും ഗൂഗിള്‍ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. ഗൂഗിളിന്റെ ഗിയര്‍ലെസ്സ് കാറുകളാണ് ഇനി ഭാവിയില്‍ ലോകത്തെ റോഡുകളെ കീഴടക്കുക എന്ന് ഗൂഗിള്‍ അഭിമാനപൂര്‍വ്വം പറയുന്നു.

സമഗ്രമായ മാപ് സംവിധാനമാണ് മൈലുകളോളം സഞ്ചരിക്കാനുള്ള ഈ കാറില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഴിയിലെ ട്രാഫിക് ബോര്‍ഡുകളും സിഗനലുകളും വളവുകളും കയറ്റങ്ങളുമെല്ലാം മാപ്പില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. തടസങ്ങളെ മുന്‍കൂട്ടി കണ്ട് അതിനനുസരിച്ച് കാര്‍ പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ പറയുന്നു. ഇപ്പോഴുള്ള പ്രതിസന്ധികള്‍ പെട്ടന്നുതന്നെ പരിഹരിക്കുമെന്ന് കാര്‍ നിര്‍മ്മാതക്കളിലൊരാളായ ക്രിസ് അര്‍മോസന്‍ അറിയിച്ചു.

തന്റെ 11 വയസുകാരനായ മകന്റെ 16ാം വയസില്‍ ഗുഗിള്‍ റോബോട്ടിക് കാര്‍ സമ്മാനമായി നല്‍കുമെന്നും അതിനു മുമ്പേ കാറിന്റെ എല്ലാ ന്യൂനതകളും പരിഹരിക്കുമെന്നും അര്‍മോസന്‍ പ്രതീക്ഷയോടെ പറയുന്നു. അര്‍മോസനും ടീമും ഗൂഗിള്‍ കാറിനെ വിജയകരമായി പുറത്തിറക്കിയാല്‍ ആ പതിനാറു വയസുകാരനു മാത്രമല്ല, നമുക്കും ലോകം ചുറ്റാം.. ആരും ഓടിക്കേണ്ടാത്ത കാറിലിരുന്ന്…