ഒരാള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ല, വേറെ രണ്ടുപേര്‍ക്ക് റിലീസ് ഡേറ്റും പ്രൊഡ്യൂസറുമില്ല, സൂര്യയും വിജയ്‌യും അജിത്തും ഇപ്പോള്‍ ഒരേ വഞ്ചിയിലെ യാത്രക്കാര്‍
Indian Cinema
ഒരാള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ല, വേറെ രണ്ടുപേര്‍ക്ക് റിലീസ് ഡേറ്റും പ്രൊഡ്യൂസറുമില്ല, സൂര്യയും വിജയ്‌യും അജിത്തും ഇപ്പോള്‍ ഒരേ വഞ്ചിയിലെ യാത്രക്കാര്‍
അമര്‍നാഥ് എം.
Friday, 27th February 2026, 6:00 pm

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ മുന്‍നിരയില്‍ നിറഞ്ഞുനിന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. ബിഗ് ബജറ്റ് സിനിമകള്‍ക്കൊപ്പം മികച്ച കണ്ടന്റുള്ള സിനിമകളും വന്നിരുന്ന ഇന്‍ഡസ്ട്രി ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വമ്പന്‍ താരങ്ങളുടെ സിനിമകളെല്ലാം ഒരുപോലെ പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ജന നായകന്‍ Photo: Screen grab/ KVN Productions

ടൈര്‍ 1ലെ മുന്‍നിര താരങ്ങളായ വിജയ്‌യുടെയും അജിത്തിന്റെയും സിനിമകള്‍ക്ക് ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ടൈര്‍ 2 താരമായ സൂര്യയുടെ സിനിമയും പ്രതിസന്ധി നേരിടുകയാണ്. സിനിമാജീവിതം ഉപേക്ഷിച്ച് പരിപൂര്‍ണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രം ജന നായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് വെളിച്ചം കാണാതെ കിടക്കുകയാണ്.

പൊങ്കലിന് റിലീസ് പ്രഖ്യാപിച്ച ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സമയത്തിന് ലഭിച്ചിരുന്നില്ല. നിര്‍മാതാക്കള്‍ കോടതിയെയടക്കം സമീപിച്ചെങ്കിലും അനുകൂലമായ വിധി വരാന്‍ കാലതാമസമെടുക്കുകയാണ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വണ്‍ ലാസ്റ്റ് ഡാന്‍സ് അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ ആരാധകര്‍ നിരാശരാണ്.

കറുപ്പ് Photo: Dream Warrior pictures

എന്നാല്‍ സൂര്യയുടെ സ്ഥിതി ഇതിലും മോശമാണ്. ഷൂട്ട് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ന്നിട്ടും റിലീസാകാതെ നില്‍ക്കുന്ന ചിത്രമാണ് കറുപ്പ്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് റിലീസാകുമെന്നായിരുന്നു ആദ്യമറിയിച്ചത്. എന്നാല്‍ പറഞ്ഞ സമയത്ത് റിലീസാകാതിരിക്കുക എന്ന സ്ഥിരം രീതി ഇത്തവണയും സൂര്യ ആവര്‍ത്തിച്ചു. ദീപാവലിയും പൊങ്കലും കഴിഞ്ഞിട്ടും കറുപ്പ് മാത്രം വന്നില്ല.

കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി പ്രതികരിച്ചു. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. റെട്രോ റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അടുത്ത ചിത്രവുമായി സൂര്യ എത്തുകയാണ്. ചിത്രം ഹിറ്റാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

സൂര്യയുടെയും വിജയ്‌യുടെയും സിനിമകള്‍ക്ക് റിലീസ് ഡേറ്റാണ് വിഷയമെങ്കില്‍ അജിത്തിന് നിര്‍മാതാവാണ് വിഷയം. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അജിത് നായകനാകുന്ന ചിത്രത്തിന് നിര്‍മാതാവിനെ ലഭിച്ചിട്ടില്ല. താരത്തിന്റെ പ്രതിഫലത്തിനനുസരിച്ച് കളക്ഷന്‍ ലഭിക്കാത്തതുകൊണ്ടാണ് നിര്‍മാതാക്കളാരും പുതിയ പ്രൊജക്ടിന് ഇന്‍ട്രസ്റ്റ് കാണിക്കാത്തത്.

വന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുമായി ലാഭവിഹിതം മാത്രം നല്‍കുക എന്ന തീരുമാനത്തിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയതിന് പിന്നാലെയാണ് അജിത്തിന്റെ പ്രൊജക്ട് പ്രതിസന്ധിയിലായത്.

എന്നാല്‍ ഈ മൂന്ന് പേരെക്കാള്‍ ഞെട്ടിച്ച മറ്റൊരു താരമാണ് വിക്രം. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ പൊന്നിയിന്‍ സെല്‍വന് ശേഷം വലിയ പ്രൊജക്ടെന്നും വിക്രമിന് ലഭിച്ചില്ല. ഏറ്റവുമൊടുവില്‍ അനൗണ്‍സ് ചെയ്ത ചിത്രം പോലും മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ മുന്‍നിര താരങ്ങളുടെ സിനിമകളെല്ലാം കൂട്ടത്തോടെ പ്രതിസന്ധിയിലായതാണ് പലരുടെയും ശ്രദ്ധ നേടുന്നത്.

Content Highlight: Obstacles facing by Vijay Ajith and Suriya getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം