തിരുവനന്തപുരം: വധശ്രമക്കേസില്‍ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍. സുഗതന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതോടെ, തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി ഭരണസമിതി കടുത്ത രാഷ്ട്രീയ-നിയമ പ്രതിസന്ധി നേരിടുന്നു.
101 അംഗങ്ങളുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികില്‍ നില്‍ക്കുന്ന ബി.ജെ.പിക്ക് സുഗതന്റെ അയോഗ്യതാ ഭീഷണി ഭരണത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഭരണഘടനാപരമായ നിബന്ധനകള്‍ പാലിക്കാതെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗുരുദേവ നാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.
കോടതി അനുവദിച്ച നാലാഴ്ചത്തെ സമയത്തിനുള്ളില്‍ മറ്റ് 19 പേരും പുനര്‍സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും, ജയിലില്‍ കഴിയുന്ന സുഗതന് ഇതിന് സാധിച്ചിട്ടില്ല. നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാക്കപ്പെടും.
101 അംഗ സഭയില്‍ ബി.ജെ.പിക്ക് 50 അംഗങ്ങളാണുള്ളത്. കണ്ണമ്മൂലയില്‍ നിന്നുള്ള സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയിലാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്. സുഗതന്‍ അയോഗ്യനായാല്‍ കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാകുന്നത് ഭരണസമിതിയെ അസ്ഥിരപ്പെടുത്തിയേക്കാം.
സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന് ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ബി.ജെ.പി ഒരുങ്ങുകയാണ്. കൂടാതെ കാപ്പ ഇളവിനായി കാപ്പ ബോര്‍ഡിനെയും സുഗതന്‍ സമീപിക്കുന്നുണ്ട്.
സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. നഗരസഭാ കാര്യാലയത്തില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശനാഥ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കൈയാങ്കളിയും നടന്നു.
പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തദ്ദേശ ഭരണ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടി മേയര്‍ ആശനാഥിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനും പ്രതിപക്ഷം ആലോചിക്കുന്നു.
ഈ മാസം 2ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ സുഗതന്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഭരണസമിതിയുടെ അടുത്ത നീക്കങ്ങള്‍. സുഗതന് സത്യപ്രതിജ്ഞയ്ക്ക് അവസരം ലഭിക്കാതിരിക്കുകയോ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വരികയോ ചെയ്താല്‍ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും.
Content highlight: Oath-taking controversy and KAAPA; BJP rule in Thiruvananthapuram Corporation in crisis