നായകനെക്കാള്‍ സ്‌കോര്‍ ചെയ്തത് മ്യൂസിക് ഡയറക്ടര്‍, ഓ.ജിക്ക് കേരളത്തിലും പോസിറ്റീവ് റിപ്പോര്‍ട്ട്
Indian Cinema
നായകനെക്കാള്‍ സ്‌കോര്‍ ചെയ്തത് മ്യൂസിക് ഡയറക്ടര്‍, ഓ.ജിക്ക് കേരളത്തിലും പോസിറ്റീവ് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th September 2025, 2:44 pm

തെലുങ്ക് സിനിമകളോട് ചെറിയതരത്തില്‍ വൈമുഖ്യമുള്ള സ്ഥലമാണ് കേരളം. ഒട്ടും വിശ്വസിക്കാനാകാത്ത ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി കുത്തിക്കയറ്റുന്ന അനാവശ്യ രംഗങ്ങളുമെല്ലാമാണ് തെലുങ്ക് സിനിമകളോട് ഭൂരിഭാഗം മലയാളികള്‍ക്കും താത്പര്യം തോന്നാത്തതിന്റെ കാരണം. എന്നാല്‍ നല്ല രീതിയില്‍ അവതരിപ്പിച്ചാല്‍ ഏത് സിനിമയും സ്വീകരിക്കപ്പെടുമെന്ന് മലയാളികള്‍ തെളിയിച്ചിട്ടുണ്ട്.

ആ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് പവന്‍ കല്യാണ്‍ നായകനായ ദെയ് കോള്‍ ഹിം ഓ.ജി. സാഹോക്ക് ശേഷം സുജീത് സംവിധാനം ചെയ്ത ചിത്രം പവന്‍ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലാണ് പുറത്തിറങ്ങിയത്. പ്രീ സെയിലില്‍ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ ഓ.ജിയുടെ പ്രീമിയര്‍ കഴിഞ്ഞദിവസം രാത്രി നടന്നിരുന്നു.

കേരളത്തിലടക്കം പ്രദര്‍ശിപ്പിച്ച പ്രീമിയറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. തന്റെ ഇഷ്ടനടനെ മാക്‌സിമം അഴിഞ്ഞാടാന്‍ വിട്ട ഫാന്‍ബോയ് ചിത്രം എന്നാണ് പലരും ഓ.ജിയെ വിശേഷിപ്പിച്ചത്. മുന്‍ ചിത്രങ്ങളിലെ പ്രകടനങ്ങളെല്ലാം കാരണം മലയാളത്തിലെ ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു പവന്‍ കല്യാണ്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹരിഹര വീരമല്ലുവിനെ ട്രോള്‍ പേജുകള്‍ കീറിമുറിച്ചു.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഓ.ജിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തെലുങ്ക് സിനിമാപ്രേമികളെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവയുമുള്ള ചിത്രം പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഓ.ജിയില്‍ പവനെക്കാള്‍ സ്‌കോര്‍ ചെയ്തത് മറ്റൊരാളാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

സാധാരണ രീതിയില്‍ പോകേണ്ട സീനിനെ തന്റെ സംഗീതം കൊണ്ട് എലവേറ്റ് ചെയ്ത എസ്. തമനാണ് റിയല്‍ ഓ.ജിയെന്നാണ് പലരും പങ്കുവെക്കുന്നത്. ഇന്റര്‍വെല്‍ സീനില്‍ തമന്‍ നല്‍കിയ സംഗീതം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയെന്ന് സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ കാണാന്‍ സാധിക്കും. സുജീത്തിന്റെ മേക്കിങ്ങും ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ടെന്നാണ് പല റിവ്യൂ പേജുകളും പറയുന്നത്.

ആദ്യദിനം തന്നെ 100 കോടിക്കു മുകളില്‍ ചിത്രം സ്വന്തമാക്കിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. പൂജ ഹോളിഡേയ്‌സ് വരുന്നതിനാല്‍ ചിത്രം 500 കോടിയോളം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് ഓ.ജിയില്‍ വില്ലനായി വേഷമിട്ടത്. സുദേവ് നായര്‍, ഹരീഷ് ഉത്തമന്‍, പ്രിയങ്ക മോഹന്‍, ശ്രിയ റെഡ്ഡി എന്നിവരും ഓ.ജിയുടെ ഭാഗമായിട്ടുണ്ട്.

Content Highlight: O G Movie getting positive response in Kerala