അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങൂ മലിംഗ, തോറ്റത് നിങ്ങളുടെ പിന്മുറക്കാരനോട് തന്നെ
Asia Cup
അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങൂ മലിംഗ, തോറ്റത് നിങ്ങളുടെ പിന്മുറക്കാരനോട് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th September 2025, 5:42 pm

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക അപരാജിതരായി ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ലങ്കന്‍ ലയണ്‍സ് സ്വന്തമാക്കിയത്.

മുഹമ്മദ് നബിയുടെ വെടിക്കെട്ടില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ കുശാല്‍ മെന്‍ഡിസിന്റെ പ്രകടനമാണ് ചെയ്‌സിങ്ങില്‍ ലങ്കയ്ക്ക് തുണയായത്.

ടോസ് നഷ്ടപ്പെട്ട് പന്തെറിയാനെത്തിയ ശ്രീലങ്കയ്ക്കായി വലംകയ്യന്‍ മീഡിയം പേസര്‍ നുവാന്‍ തുഷാര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. റഹ്‌മാനുള്ള ഗുര്‍ബാസ്, സെദ്ദിഖുള്ള അടല്‍, കരീം ജന്നത്, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവരെയാണ് തുഷാര പുറത്താക്കിയത്.

ദാസുന്‍ ഷണക, ദുനിത് വെല്ലാലാഗെ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ തുഷാരയെ ഒരു ചരിത്ര റെക്കോഡും തേടിയെത്തിയിരുന്നു. ടി-20 ഏഷ്യാ കപ്പില്‍ ഒരു ലങ്കന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. സാക്ഷാല്‍ ലസിത് മലിംഗയെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ടി-20 ഏഷ്യാ കപ്പില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

നുവാന്‍ തുഷാര – അഫ്ഗാനിസ്ഥാന്‍ – 4/18 – 2025*

ലസിത് മലിംഗ – യു.എ.ഇ – 4/26 – 2016

പ്രമോദ് മധുഷാന്‍ – പാകിസ്ഥാന്‍ – 4/36 – 2022

നുവാന്‍ കുലശേഖര – യു.എ.ഇ – 3/10 – 2016

വാനിന്ദു ഹസരങ്ക – പാകിസ്ഥാന്‍ – 3/21 – 2022

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നുമായി അഞ്ച് വിക്കറ്റുകള്‍ താരം സ്വന്തമാക്കി.

അതേസമയം, സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ശ്രീലങ്ക. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ തങ്ങളുടെ പുതിയ റൈവലുകളായ ബംഗ്ലാദേശിനെയാണ് ലങ്കയ്ക്ക് നേരിടാനുള്ളത്. ഗ്രൂപ്പ് ബി-യില്‍ നിന്നും ലങ്കയ്‌ക്കൊപ്പം സൂപ്പര്‍ ഫോറിന് ഇടം പിടിച്ചത് ബംഗ്ലാദേശാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ നേരത്തെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് ശ്രീലങ്ക വിജയിച്ചിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം വിയര്‍ക്കാതെ മുന്‍ ചാമ്പ്യന്‍മാര്‍ മറികടന്നു. സൂപ്പര്‍ ഫോറില്‍ ഇതേ ഡോമിനേഷന്‍ ആവര്‍ത്തിക്കാന്‍ തന്നെയാകും അസലങ്കയുടെ പട ഇറങ്ങുന്നത്.

സൂപ്പര്‍ ഫോറില്‍ സെപ്റ്റംബര്‍ 23ന് പാകിസ്ഥാനെയും 26ന് ഇന്ത്യയെയുമാണ് ടീമിന് നേരിടാനുള്ളത്.

 

Content Highlight: Nuwan Thushara shatters Lasith Malinga’s record of best bowling figure in T20 Asia Cup