നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയില്‍
Kerala
നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയില്‍
അനിത സി
Tuesday, 10th March 2026, 1:39 pm

കോഴിക്കോട്: മിനിമം വേതനം ഏകീകരിക്കണമെന്ന് എന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം കടുത്തതോടെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിലായി. തീവ്ര പരിചരണ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം കാരണം സര്‍ക്കാര്‍ ആശുപത്രികളായ മെഡിക്കല്‍ കോളേജിനെയും ബീച്ച് ആശുപത്രിയെയും കൂടുതലായി രോഗികള്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഇവിടങ്ങളിലും പ്രതിസന്ധികള്‍ ഉടലെടുത്തിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ആരോഗ്യരംഗത്തിന് തിരിച്ചടിയാവുകയാണ് നഴ്‌സുമാരുടെ സമരം. നഴ്‌സുമാരുടെ സമരം കടുത്തെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുരഞ്ജനത്തിനായി ഇടപെടല്‍ നടത്തിയിട്ടില്ല.


അതേസമയം, നഴ്‌സുമാരുടെ സമരം അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് തടയേണ്ടത് ആശുപത്രി മാനേജ്‌മെന്റുകളുടെ കടമയാണെന്നും ഇപ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാതെ സമരം അവസാനിപ്പിച്ചാല്‍ ഇനിയൊരിക്കലും അതിന് സാധിച്ചെന്ന് വരില്ലെന്നും സമരക്കാര്‍ പ്രതികരിച്ചു.

ആശുപത്രികള്‍ വലിയ പ്രതിസന്ധിയാലാണെന്ന് പറയുമ്പോഴും ആശുപത്രി മാനേജ്‌മെന്റുകളും സര്‍ക്കാരും എന്തുകൊണ്ടാണ് സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരാത്തതെന്ന് യു.എന്‍.എ ജില്ലാ പ്രസിഡന്റ് ജിഷ്ണു ചോദിച്ചു.

കഴിഞ്ഞദിവസം വരെ മൂന്നിലൊന്ന് ജീവനക്കാര്‍ ജോലിയെടുത്താണ് സമരം മുന്നോട്ട് കൊണ്ടുപോയത്. എന്നിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊള്ളാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ലെന്നും അതുകൊണ്ടാണ് സമരം കടുപ്പിക്കുന്നതെന്നും യു.എന്‍.എ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ സമരം അവസാനിപ്പിക്കുമെന്ന പ്രചരണങ്ങളെയും സമരക്കാര്‍ തള്ളി. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ എത്ര ദിവസം വേണമെങ്കിലും സമരം തുടരുമെന്ന് നഴ്‌സുമാര്‍ പ്രതികരിച്ചു.

സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയാല്‍ ശമ്പള വര്‍ധനവുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് കെ.പി.എച്ച്.എയുടെ നിലപാട്. എന്നാല്‍, ചര്‍ച്ചയ്ക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും ചര്‍ച്ചയ്ക്ക് ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നും രോഗികളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല തങ്ങളുടെ സമരമെന്നും യു.എന്‍.എ അറിയിച്ചു.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമരം ആരംഭിച്ചത്. തിങ്കളാഴ്ച മുതലാണ് സമ്പൂര്‍ണ പണിമുടക്ക് ആരംഭിച്ചത്.

കോഴിക്കോട് ജില്ലയ്ക്ക് പുറമെ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം നടത്തുന്നത്. മറ്റ് ജില്ലകളിലെ 200ഓളം ആശുപത്രികള്‍ അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാറില്‍ ഒപ്പിട്ടതോടെ ഇവിടങ്ങളിലെ സമരങ്ങള്‍ നഴ്‌സുമാര്‍ അവസാനിപ്പിച്ചിരുന്നു.

150 ബെഡുകള്‍ മാത്രമുള്ള ആശുപത്രികള്‍ പോലും ശമ്പളവര്‍ധനവ് അംഗീകരിച്ചിട്ടും കോഴിക്കോട് ജില്ലയിലെ വന്‍കിട ആശുപത്രികള്‍ അതിന് തയ്യാറാകാത്തതിനെ യു.എന്‍.എ വിമര്‍ശിച്ചിരുന്നു.

നേരത്തെ നഴ്‌സുമാരുടെ സമരം ആരംഭിച്ച ഘട്ടത്തില്‍ മിനിമം വേതനം 25,450-28,000 രൂപയാക്കി ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ തയ്യാറാകാതെ യു.എന്‍.എ സമരം തുടരുകയായിരുന്നു. 2018ലെ ഉത്തരവ് അനുസരിച്ച് നിലവില്‍ 20,000 രൂപയാണ് നഴ്‌സുമാരുടെ മിനിമം വേതനം.

Content Highlight: Nurses’ strike intensifies; private hospitals in Kozhikode are in crisis

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.