36ലധികം റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന് ശേഷിയില്ലായിരുന്നെന്ന് നിതിന്‍ ഗഡ്കരി; ഇത്ര ആത്മാര്‍ഥമായ മറുപടി ആരും നല്‍കിയിട്ടില്ലെന്ന് കരണ്‍ ഥാപര്‍
Rafale Deal
36ലധികം റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന് ശേഷിയില്ലായിരുന്നെന്ന് നിതിന്‍ ഗഡ്കരി; ഇത്ര ആത്മാര്‍ഥമായ മറുപടി ആരും നല്‍കിയിട്ടില്ലെന്ന് കരണ്‍ ഥാപര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 9:29 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ‘സാമ്പത്തിക ലഭ്യതയാണ്’ ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍ നിന്ന് വാങ്ങാനിരുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 126ല്‍ നിന്നും 36 ആയി കുറയാനുണ്ടായ കാരണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഇത്ര ആത്മാര്‍ഥമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തലിന് ഥാപര്‍ നല്‍കിയ മറുപടി.

‘നിങ്ങള്‍ക്കെങ്ങനെയാണ് എന്നോട് 100 വിമാനങ്ങള്‍ വാങ്ങണമെന്ന് പറയാന്‍ സാധിക്കുക. കുറഞ്ഞത് ചെലവാക്കാന്‍ കയ്യില്‍ അത്രയും പണം വേണം. സര്‍ക്കാറിന്റെ സാമ്പത്തിക നില അനുസരിച്ചാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്’- ദ വയര്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഗഡ്കരി പറയുന്നു.

യു.പി.എ സര്‍ക്കാറിന്റെ കരാറിനെ അപേക്ഷിച്ച് എന്‍.ഡി.എയുടെ കരാര്‍ ലാഭകരമാണെന്നും, യുദ്ധവിമാനങ്ങള്‍ക്ക് 9 ശതമാനം വരെ വില കുറയുമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മല സീതാരാമനും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ക്ക് 126 വിമാനങ്ങളും വാങ്ങിക്കൂടാ എന്ന ഥാപറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗഡ്കരി.

‘എവിടെയാണെങ്കിലും, എന്താണ് വാങ്ങുന്നതെങ്കിലും, ഘട്ടമായാണ് അളവ് വര്‍ധിപ്പിക്കേണ്ടത്. 36 വിമാനങ്ങള്‍ വാങ്ങിയതിന് ശേഷം പുതിയ സാങ്കേതി വിദ്യ ആവിഷ്‌കരിക്കപ്പെടുകയും കുറഞ്ഞ വിലയ്ക്ക് മറ്റ് യുദ്ധവിമാനങ്ങള്‍ ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുക്ക് അത് വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്തിനാണപ്പോള്‍ റഫാലില്‍ നിന്ന് വാങ്ങുന്നത്’- കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ആദ്യമായാണ് ഇതിനെക്കുറിച്ച് ഒരാള്‍ വിശദീകരണം നല്‍കുന്നതെന്ന് കരണ്‍ ഥാപര്‍ വ്യക്തമാക്കുകയും ചെയ്തു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ പ്രചാരണ രീതിയാണെന്നും ഗഡ്കരി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കള്ളന്‍ എന്ന് വിളിക്കുന്നു. ഇത് പ്രവര്‍ത്തനത്തിന്റേയും പ്രതിപ്രവര്‍ത്തനത്തിന്റേയും കളിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നു ഗഡ്കരി പറഞ്ഞു.