ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍, മരണസംഖ്യ; യു.എസിന്റെയും ഇസ്രഈലിന്റെയും വലിയ നുണകള്‍ ഗീബല്‍സ് തന്ത്രമെന്ന് ഇറാന്‍
Iran US Tension
ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍, മരണസംഖ്യ; യു.എസിന്റെയും ഇസ്രഈലിന്റെയും വലിയ നുണകള്‍ ഗീബല്‍സ് തന്ത്രമെന്ന് ഇറാന്‍
അനിത സി
Wednesday, 25th February 2026, 3:47 pm

ടെഹ്‌റാന്‍: രാജ്യത്തിന്റെ ആണവ പദ്ധതിയെ കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെ കുറിച്ചും യു.എസും ഇസ്രഈലും പറയുന്നത് വലിയ നുണകളാണെന്ന് ഇറാന്‍.

ജനുവരിയിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലുള്‍പ്പടെ ഇരുരാജ്യങ്ങളും വലിയ നുണകള്‍ ആവര്‍ത്തിക്കുകയാണ്. ഒരു നുണ പലതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന നാസി ഗീബല്‍സ് തന്ത്രമാണ് യു.എസും ഇസ്രഈലും പ്രയോഗിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് ബുധനാഴ്ച പറഞ്ഞു.

ഇറാനുമായി നയതന്ത്ര ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍, ഒരു സാഹചര്യത്തിലും ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൊവ്വാഴ്ചയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍.

‘ഇറാനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനായി യു.എസ് ഭരണകൂടവും യുദ്ധത്തിന്റെ ലാഭം കൊയ്യുന്നവരും വംശഹത്യ നടത്തുന്ന ഇസ്രഈലും ഗീബല്‍സ് തന്ത്രം ആസൂത്രിതമായി പ്രയോഗിക്കുകയാണ്.

ഇറാന്റെ ആണവ പദ്ധതി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ജനുവരിയിലെ അശാന്തിയില്‍ മരണപ്പെട്ടവരുടെ എണ്ണം തുടങ്ങിയവയെ കുറിച്ച് അവര്‍ ആരോപിക്കുന്നതെല്ലാം നുണകളുടെ ആവര്‍ത്തനമാണ്,’ബഗായ് എക്‌സിലൂടെ പ്രതികരിച്ചു.

നുണകള്‍ക്ക് വലിയ പ്രചാരണം ലഭിച്ചെന്ന് കരുതി ആരും വിശ്വസിക്കരുതെന്നും ബഗായ് പറഞ്ഞു.

അതേസമയം, യുദ്ധം ഒഴിവാക്കുന്നതിനായി ഇറാനും യു.എസും ചര്‍ച്ചകള്‍ തുടരുകയാണ്. ഫെബ്രുവരി ആറിന് ഒമാനില്‍ വെച്ചും, ഫെബ്രുവരി 17ന് ജനീവയില്‍ വെച്ചും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ക്രിയാത്മകമായ തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

ആണവ കരാറുമായി ബന്ധപ്പെട്ട് മാത്രമാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധരായിരിക്കുന്നതെന്നും ഉപരോധങ്ങളില്‍ ഇളവ് വേണമെന്നും ഇറാനും, ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനികമായി ആക്രമിക്കുമെന്ന് യു.എസും നിലപാട് ആവര്‍ത്തിച്ചു. നിലവില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ യു.എസ് സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlight: Nuclear program, ballistic missiles, death toll; Iran says US and Israel are big liars

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.