ആണവകരാര്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന്‍ നേതാക്കളെ കൊല്ലാന്‍ ട്രംപ് പദ്ധതിയിടുന്നു, റിപ്പോര്‍ട്ട്
World
ആണവകരാര്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന്‍ നേതാക്കളെ കൊല്ലാന്‍ ട്രംപ് പദ്ധതിയിടുന്നു, റിപ്പോര്‍ട്ട്
രാഗേന്ദു. പി.ആര്‍
Thursday, 19th February 2026, 7:34 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ നേതാക്കളെ കൊല്ലാന്‍ പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. ഇക്കാര്യത്തില്‍ പ്രസിഡന്റ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എം.എസ്.ജെയുടെ റിപ്പോര്‍ട്ട്.

ഇറാനിയന്‍ നേതാക്കളെ കൊല്ലാന്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വ്യോമാക്രമണം ഉള്‍പ്പെടെയുള്ള ഓപ്ഷനുകളാണ് ട്രംപിന്റെ പരിഗണനയിലുള്ളത്. യു.എസ് നിലവില്‍ ആണവ-മിസൈല്‍ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവകരാറില്‍ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇറാനെതിരെ ആക്രമണങ്ങളുടെ ഒരു പരമ്പരയാണ് ട്രംപ് പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ യു.എസിന്റെ രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇറാന്‍ തീരത്തേക്ക് തിരിച്ചിരിക്കുന്നത്. അത്യാധുനിക എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് 2003ലെ ഇറാന്‍ അധിനിവേശത്തിനായി നടത്തിയതിനേക്കാള്‍ വലിയ തയ്യാറെടുപ്പാണെന്നാണ് വാള്‍സ്ട്രീറ്റ് പറയുന്നത്.

ഇന്നലെ (ബുധന്‍) ട്രംപിന്റെ ദേശീയ ഉപദേഷ്ടാക്കള്‍ വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഇറാനെ കുറിച്ച് ചര്‍ച്ച ചെയ്തതായും വിവരമുണ്ട്. അതേസമയം ഇറാന്‍ ആണവകരാറില്‍ ഒപ്പുവെക്കുമെന്ന് ട്രംപിന് പ്രതീക്ഷയുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഇറാനെ ആക്രമിക്കാന്‍ തയ്യാറാണെന്ന് യു.എസ് സൈന്യം ട്രംപിനെ അറിയിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നുകില്‍ ഇറാന്‍ നേതാക്കളെ കൊല്ലുക അല്ലെങ്കില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകളാണ് സൈന്യം ട്രംപിന് മുന്നില്‍ വെച്ചിരിക്കുന്നത്

ഇതിനിടെ അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌ലോവ് പറഞ്ഞിരുന്നു. ഇറാന്റെ അവകാശത്തെ റഷ്യ പിന്തുണക്കുമെന്നും ലാവ്‌ലോവ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ആദ്യ ടേമില്‍ 2015ലെ ഇറാന്‍ ആണവകരാര്‍ യു.എസ് കീറിമുറിച്ചുവെന്നും ഇതാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ലാവ്‌ലോവ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഒമാന്റെ മധ്യസ്ഥയില്‍ ഇറാനുമായി യു.എസ് ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ജനീവയിലാണ് ചര്‍ച്ച നടക്കുന്നത്.

Content Highlight: Nuclear deal; Trump plans to kill Iranian leaders if talks fail, report says

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.