അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. വൻ ഹൈപ്പിലോടെയിറങ്ങിയ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ വരവേൽപ്പായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. ബോളിവുഡിലെ ആക്ഷൻ ഹീറോ ഹൃദിക് റോഷനും സൗത്തിന്ത്യയിലെ മാൻ ഓഫ് മാസസ് ആയ ജൂനിയർ എൻ.ടി.ആറും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. എന്നാൽ വാർ 2 തിയേറ്ററിൽ അമ്പേ പരാജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് സിതാര എന്റർടെയ്‌മെന്റസ് സി.ഇ.ഒ നാഗവംശി.
എല്ലാവർക്കും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എപ്പോഴെങ്കിലും തെറ്റുകൾ വരുത്തുമെന്നും തങ്ങൾ ആദിത്യ ചോപ്രയെ വിശ്വസിച്ചുവെന്നും അദ്ദേഹം പറയുന്നു.
‘തെറ്റുകൾ സംഭവിക്കാറുണ്ട്. എല്ലാവരും എപ്പോഴെങ്കിലും തെറ്റുകൾ വരുത്തും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമാതാവാണ് ആദിത്യ ചോപ്ര. എൻ.ടി.ആറും ഞാനും വൈ.ആർ.എഫിനെ (യഷ് രാജ് ഫിലിംസ്) അന്ധമായി വിശ്വസിച്ചു. എന്നാൽ അത് തെറ്റായി പോയി. എന്തുചെയ്യാൻ സാധിക്കും?,’ നാഗവംശി പറയുന്നു.
രവി തേജ നായകനായി എത്തിയ മാസ് ജാതരയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നാഗവംശി വാർ 2വിനെപ്പറ്റി സംസാരിച്ചത്.
സ്പൈ-ത്രില്ലർ ചിത്രമായ വാറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിൽ ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറിനും ഒപ്പം കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തിയിരുന്നു.അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രം 400 കോടി ബജറ്റിലാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ മുടക്ക് മുതൽ പോലും നേടാനാവാതെ പരാജയപ്പെടുകയായിരുന്നു.