വെല്ലൂര്‍: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദനിധി സ്റ്റാലിന് വേണ്ടി കനിമൊഴിയെ തഴയുകയാണെന്ന ആരോപണവുമായി നാം തമിഴര്‍ കച്ചി (എന്‍.ടി.കെ) ചീഫ് കോര്‍ഡിനേറ്റര്‍ സീമാന്‍.
ഇക്കാരണം കൊണ്ടാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ എം.പി കൂടിയായ കനിമൊഴിക്ക് സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും സീമാന്‍ ആരോപിച്ചു.
സീമാന്‍
‘കരുണാനിധിയുടെ മകളെ തഴഞ്ഞുകൊണ്ട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ഡി.എം.കെയ്ക്ക് സാധിക്കുന്നത്?’ അദ്ദേഹം ചോദിച്ചു.
‘കനിമൊഴി ശക്തമായ വ്യക്തിത്വമാണ്, സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള അവരുടെ പ്രവേശനം ഉദയനിധി സ്റ്റാലിന് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്, അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ പരിഗണിക്കാത്തത്. ആ കുടുംബത്തില്‍ (കരുണാനിധി കുടുംബം) ജനിച്ചിട്ടും, അവര്‍ അവരെ തങ്ങളില്‍ ഒരാളായി കണക്കാക്കുന്നില്ല,’ സീമാന്‍ പറഞ്ഞു.
കനിമൊഴിയും സ്റ്റാലിനും
വെല്ലൂര്‍ ഓള്‍ഡ് ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും കൈക്കൂലിയുമാണ് വേണ്ടതെങ്കില്‍ ഡി.എം.കെയ്‌ക്കോ എ.ഐ.എ.ഡി.എം.കെയ്‌ക്കോ വോട്ട് ചെയ്യാമെന്നും, എന്നാല്‍ മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്‍.ടി.കെയ്ക്ക് ഒരു അവസരം നല്‍കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.
തനിക്ക് വോട്ട് നല്‍കിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്നാടിനെ ലോകോത്തര നിലവാരത്തിലുള്ള സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഭാവിയില്‍ രാജ്യം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച അദ്ദേഹം, കേന്ദ്രം തന്നെയാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പറഞ്ഞു.
Content Highlight: NTK president Seeman alleged that DMK sidelined Kanimozhi