തിരുവനന്തപുരം: കോടതി ഉത്തരവുണ്ടായിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തതിനെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരങ്ങള്‍ സംരക്ഷിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് എല്‍.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതിന് കോണ്‍ഗ്രസിനെതിരെയും സുകുമാരന്‍ നായര്‍ പരാമര്‍ശങ്ങള്‍ നടത്തി. കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്ന നിലപാടാണ് ഉള്ളതെന്നും അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്ന നിലപാടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്ന് പരിഹാസ രൂപേണെ പറഞ്ഞ സുകുമാരന്‍ നായര്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതെന്നും വിമര്‍ശിച്ചു.
എന്‍.എസ്.എസിന്റെ നാമജപ യാത്രയ്ക്ക് തുടക്കത്തില്‍ പിന്തുണ നല്‍കാതിരുന്ന കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അദ്ദേഹം വിമര്‍ശിച്ചു. കോടതി വിധി തങ്ങളുടെ നിലപാടിന് എതിരായിരുന്നെങ്കിലും നാമജപ യാത്ര നടത്തി പ്രതിഷേധം അറിയിച്ചു. തുടക്കത്തില്‍ പിന്തുണയ്ക്കാതിരുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ജനപിന്തുണ കണ്ടപ്പോഴാണ് നാമജപ യാത്രയ്‌ക്കെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാരാണ് ആചാരം സംരക്ഷിക്കാന്‍ നടപടി എടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തിയതുകൊണ്ടാണ് എന്‍.എസ്.എസ് സഹകരിച്ചത്. അതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദു അമ്മിണി അയ്യപ്പസംഗമത്തിന് എത്തിയിരുന്നില്ലെന്നും അയ്യപ്പ സംഗമത്തെ സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എന്‍.എസ്.എസിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ദേവസ്വം മന്ത്രി വി.എന്‍ വാസവനാണ് ഈ ഉറപ്പ് നല്‍കിയത്.
‘സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി.’, സുകുമാരന്‍ നായര്‍ പറഞ്ഞു.
പമ്പാതീരത്ത് സെപ്തംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പ വിശ്വാസികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പരിപാടിക്ക് നേതൃത്വം നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി.
Content Highlight: NSS with LDF government in Sabarimala; Congress and BJP playing vote bank politics: Sukumaran Nair