കോട്ടയം: ശാസ്ത്രം- മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ്. ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി എന്‍.എസ്.എസ് ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനമാനവുമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹൈന്ദവരുടെ മഹാവിശ്വാസമാണ്, ആരാധനാമൂര്‍ത്തിയാണ് ഗണപതി. അതിനെതിരെയാണ് സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്ത് നില്‍ക്കുന്നയൊരാള്‍ സംസാരിച്ചത്. ഇത് അപമാനവും അധിക്ഷേപവുമാണ്. ഹൈന്ദവരുടെ ചങ്കിനാണ് ഇത് തറച്ചത്. ഇതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. എല്ലാ മതങ്ങളേയും സ്‌നേഹിക്കുകയും സഹവര്‍ത്തിത്വത്തോടെ ഇടപെടുകയും ചെയ്യുന്ന രീതിയാണ് ഹൈന്ദവര്‍ക്കുള്ളത്. മറ്റുള്ളവരുടെ ആരാധന സ്വാന്ത്ര്യത്തെ ഹൈന്ദവര്‍ അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നത്.

ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനമാനകരവുമാണ്. അതില്‍ വിട്ടുവീഴ്ചയില്ല, ഇപ്പോഴത്തെ സമരം തുടക്കം മാത്രമാണ്. ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയ ഹൈന്ദവ വിഭാഗത്തിലെ രാഷ്ട്രീയ- സമുദായ സംഘടനകളൊക്കെ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അതിന്റെ കൂടെയാണ് എന്‍.എസ്.എസും നില്‍ക്കുന്നത്.




