വിശ്വാസം വ്രണപ്പെടുത്തിയതില്‍ മാപ്പ് പറയണം; സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ഷംസീറിനെതിരെ എന്‍.എസ്.എസ്
Kerala News
വിശ്വാസം വ്രണപ്പെടുത്തിയതില്‍ മാപ്പ് പറയണം; സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ഷംസീറിനെതിരെ എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 11:20 am

തിരുവനന്തപുരം: ശാസ്ത്രം- മിത്ത് സംബന്ധിച്ച പരമാര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസ്. ഗണപതിയെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനിയല്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിനുതന്നെ ഷംസീറിന് അര്‍ഹതയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണ് ചെയ്യേണ്ടതെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

‘ഹൈന്ദവ ആരാധനമൂര്‍ത്തിയായ ഗണപതിയെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ നിരൂപണം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്നു പറയേണ്ടിയിരിക്കുന്നു.

പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.

ഈ സാഹചര്യത്തില്‍, നിയമസഭാസ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെ തിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ട്,’ ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട സ്പീക്കറുടെ പ്രസംഗം.

ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight:  NSS criticizes Speaker AN A N Shamsee