പൊരുതേണ്ടത് ഇന്ത്യയ്ക്കു വേണ്ടിയോ അതോ പൗരത്വത്തിനു വേണ്ടിയോ?; അസമിലെ ഇന്ത്യന്‍ സൈനികര്‍ ചോദിക്കുന്നു
ന്യൂസ് ഡെസ്‌ക്

അസമിലെ സാരുഹാരിദ് ഗ്രാമം അറിയപ്പെടുന്നത് കാവല്‍ക്കാരുടെ ഗ്രാമം എന്നാണ്. 200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ ഇരുപതിലേറെ പേര്‍ ഇന്ത്യന്‍ സൈന്യത്തിലുണ്ട്. ഇവരില്‍ പലരും ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍.ആര്‍.സി ലിസ്റ്റില്‍ നിന്നും പുറത്തായവരാണ്.

ആഗസ്റ്റ് 31 നു പുറത്തുവിട്ട ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേര്‍ പുറത്തായിരുന്നു. പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടുപേരാണ് ദില്‍ബറും അദ്ദേഹത്തിന്റെ സഹോദരന്‍ മിസാനുര്‍ അലിയും. ഇവരുടെ മൂത്ത സഹോദരന്‍ സൈദുല്‍ ഇസ്ലാം ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാര്‍ ആയി ജോലിചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ ശത്രുക്കളുമായി യുദ്ധം ചെയ്യുന്നു. ഞങ്ങള്‍ ആദ്യം ഞങ്ങളുടെ ആര്‍മി കുടുംബത്തെയാണ് മതിക്കുന്നത്. എന്നാല്‍ അവസാനഘട്ട പൗരത്വ പട്ടിക പുറത്തുവന്നതോടുകൂടി ഞങ്ങള്‍ കൂടുതല്‍ നിരാശരായി. ഇന്ത്യന്‍ ജവാന്‍മരായി ഞങ്ങളുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായി പൊരുതുകയാണ്.’ ദില്‍ബര്‍ പറയുന്നു.

‘ഞാന്‍ 2003ല്‍ ബംഗ്ലാദേശില്‍ നിന്നും വന്നതാണ് എന്നാണ് പരിശോധനാഘട്ടത്തില്‍ അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ 1993ല്‍ എന്റെ ചേട്ടന് എങ്ങനെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ സാധിക്കും? സി.ഐ.എസ്.എഫില്‍ ചേരുമ്പോള്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എന്റെ രേഖകള്‍ പരിശോധിച്ചതാണ്.’ സി.ഐ.എസ്.എഫ് ജവാനായ മിസാനുര്‍ അലി പറയുന്നു.

ഇവരെപ്പോലെ ധാരാളം പേരാണ് കാരണം പോലും മനസ്സിലാവാതെ എന്‍.ആര്‍.സി ലിസ്റ്റില്‍ നിന്നും പുറത്തു പോയിരിക്കുന്നത്. പലരും ആദ്യത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരും അവസാനഘട്ടത്തില്‍ പട്ടികയില്‍നിന്നും പുറത്തായവരുമാണ്.

‘എന്‍.ആര്‍.സി ലിസ്റ്റില്‍ നിന്നും പുറത്തായതിനു ശേഷം ഞങ്ങള്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഉള്ളില്‍ നീറുകയാണ്. എന്റെ അച്ഛന്‍ ഇന്നലെ കരയുകയായിരുന്നു. വിദേശികളായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും ഞങ്ങളെന്തിനാണ് ജീവിച്ചിരിക്കുന്നത് എന്നാണ് ചിന്തിക്കുന്നത്. എന്താണ് ഞങ്ങള്‍ ചെയ്യുക? അതിര്‍ത്തിയില്‍ ശത്രുക്കളുമായി യുദ്ധംചെയ്യണോ അതോ വീട്ടില്‍ പോയി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണോ? ‘ പട്ടികയില്‍ നിന്നും പുറത്തായ അസിത്ത് എന്ന ജവാന്‍ ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് പ്രതിരോധക്കാരുടെ ഗ്രാമമാണ്. എന്തുകൊണ്ടാണ് ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്നും പുറത്തായതെന്ന് ഞങ്ങള്‍ക്കറിയില്ല. സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടേ മതിയാകൂ.” പ്രദേശവാസിയായ ബബുല്‍ ഖാന്‍ പറഞ്ഞു

1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.
ബംഗ്ലാദേശി കുടിയേറ്റക്കാരെ മുന്‍പ് ആഭ്യന്തരമന്ത്രി അമിത്ഷാ നുഴഞ്ഞുകാറ്റക്കാരെന്നായിരുന്നു വിളിച്ചിരുന്നത്.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.