ഇനി അല്‍പ്പം ആശ്വസിക്കാം; മെയ് 27ഓടെ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുമെന്ന് അറിയിപ്പ്
Latest weather Updates
ഇനി അല്‍പ്പം ആശ്വസിക്കാം; മെയ് 27ഓടെ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുമെന്ന് അറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 8:08 am

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മെയ് 27ാം തീയതിയോടെ സംസ്ഥാന തീരത്ത് മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സാധാരണയില്‍ നിന്നും മാറി ദിവസങ്ങള്‍ക്ക് മുമ്പ് മണ്‍സൂണ്‍ എത്തുമെന്നാണ് അറിയിപ്പ്.

കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം കാലവര്‍ഷം എത്തുന്നത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഇടി മിന്നല്‍ ജാഗ്രത നിര്‍ദേശവും വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മെയ് 14 വരെയാണ് ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 12/05/2025, 13/05/2025 ദിവസങ്ങളില്‍ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. 11 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ്  യെല്ലോ അലേര്‍ട്ട്.

Content Highlight: Now we can take some comfort; Monsoon is expected to arrive in the state by May 27th, warns