വീണ്ടും ഫേസ്ബുക്ക് അറസ്റ്റ്; ഇത്തവണത്തേത് രാജ് താക്കറെയെ വിമര്‍ശിച്ചതിന്
India
വീണ്ടും ഫേസ്ബുക്ക് അറസ്റ്റ്; ഇത്തവണത്തേത് രാജ് താക്കറെയെ വിമര്‍ശിച്ചതിന്
ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2012, 4:55 pm

മുംബൈ: ശിവസേന നേതാവ് ബാല്‍താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും അറസ്റ്റ്. ഇത്തവണ ഫേസ്ബുക്കില്‍ ബാല്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെയെ വിമര്‍ശിച്ചതിനാണ് അറസ്റ്റ്.[]

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ വിശ്വകര്‍മ (19)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാല്‍ താക്കറെ വിമര്‍ശനത്തിന്റെ പേരില്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ നാടായ പല്‍ഗാര്‍ സ്വദേശി തന്നെയാണ് സുനില്‍.

പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്  മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്) ഇന്ന് പല്‍ഗാറില്‍ ബന്ദ് ആചരിച്ചിരുന്നു.

രാജ് താക്കറെയെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി എം.എന്‍.എസ് പ്രവര്‍ത്തകര്‍ സുനിലിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തി. ഇതിനെതുടര്‍ന്നാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സുനിലിനെതിരെ ഇതുവരെ ഒരു കേസും ചാര്‍ജ് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. പോലീസ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതിന് ശേഷമേ അത്തരമൊരു നടപടി ഉണ്ടാകൂ.

ബാല്‍ താക്കറെ സംസ്‌കാരദിവസമായ നവംബര്‍ 17 ന് മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ വിമര്‍ശിച്ചായിരുന്നു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിനെ തുടര്‍ന്ന് മുംബൈ പോലീസ് പെണ്‍കുട്ടിയേയും ഈ പോസ്റ്റ് ലൈക്ക് ചെയ്ത മറ്റൊരു പെണ്‍കുട്ടിയേയും ഐ.ടി ആക്ട് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്പന്‍ഡ് ചെയ്തിരുന്നു.