എഡിറ്റര്‍
എഡിറ്റര്‍
ലോറസ് അവാര്‍ഡ്; ജോക്കോവിച്ചിനും സെറീന വില്യംസിനും പുരസ്‌കാരം
എഡിറ്റര്‍
Tuesday 19th April 2016 11:28am

djokovic inn

ബെര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ നൊവാക് ജോക്കോവിച്ചിനും സെറീന വില്യംസിനുമാണ് പുരുഷവനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം.

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ പിന്തള്ളിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. വനിതാ വിഭാഗത്തില്‍ സെറിന വില്യംസിന്റെ പ്രധാന മത്സരം പോക്കറ്റ് റോക്കറ്റ് എന്നറിയപ്പെടുന്ന ഷെല്ലി ആന്‍ ഫ്രേസറുമായിട്ടായിരുന്നു.

മൂന്നുതവണ അവാര്‍ഡ് നേടിയ ബോള്‍ട്ട്, അഞ്ചുതവണ ബലന്‍ ഡി ഓര്‍ നേടിയ ലയണല്‍ മെസ്സി എന്നിവരെ മറികടന്നാണ് പുരുഷവിഭാഗത്തില്‍ നൊവാക് ജോക്കോവിച്ച് അവാര്‍ഡ് കൈവരിച്ചത്. കഴിഞ്ഞ സീസണില്‍ 4 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തിയ ജോക്കോവിച്ച് മൂന്നു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കരിയറില്‍ 500 ഗോള്‍ തികച്ച ലയണല്‍ മെസ്സി മികച്ച അത്‌ലറ്റായി തെരെഞ്ഞെടുക്കപ്പെട്ടു. ബ്രസീലിന്റെ പാരാലിംപിക്‌സ് നീന്തല്‍ താരം ഡാനിയല്‍ ഡയസാണ് മികച്ച അംഗപരിമിത കായികതാരം.

മൂന്നുതവണ ഫോര്‍മുല വണ്‍ കിരീടം നേടിയ ലൂയിസ് ഹാമില്‍ട്ടണ്‍, ആദ്യതവണ നോമിനേഷന്‍ നേടുന്ന, എന്‍.ബി.എയിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സ് ടീമംഗം സ്റ്റീഫന്‍ കറി, ഗോള്‍ഫ് ലോക ഒന്നാം നമ്പര്‍ താരം ജോര്‍ദാന്‍ സ്പീത് തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍ക്കായി രംഗത്തുണ്ടായിരുന്നു.

വനിതാ വിഭാഗത്തില്‍ ഇത് പത്താം തവണയാണ് സെറിന വില്യംസ് നോമിനേഷന്‍ നേടിയിരുന്നത്. ഇതില്‍ സെറീനയ്ക്ക് മൂന്നാം തവണയാണ് ലോറസ് പുരസ്‌കാരം ലഭിക്കുന്നത്. 2003ലും 2010ലും അവര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

Advertisement