യു.എസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം നൊവാക് ദ്യോക്കോവിച്ചിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. അര്‍ജന്റീനയുടെ മരിയാനോ നവോനെയോട് അഞ്ച് സെറ്റ് വരെ നീണ്ടുനിന്ന വമ്പന്‍ പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ ഇതിഹാസം അടിയറവ് പറഞ്ഞത്. 6-7, 7-5, 6-4, 2-6, 1-6 എന്നിങ്ങനെയാണ് സ്‌കോര്‍. ഇതോടെ 25ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുകയെന്ന ദ്യോക്കോവിച്ചിന്റെ സ്വപ്നം കണ്ണീരില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ തുടര്‍ച്ചയായ 78 മത്സരങ്ങളില്‍ ഒന്നാം റൗണ്ട് വിജയിച്ചുവന്ന ദ്യോക്കോവിച്ചിന്റെ അപരാജിത കുതിപ്പിനും അന്ത്യമായി. 2006ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആയിരുന്നു ദ്യോക്കോവിച്ച് അവസാനമായി ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നത്.
മത്സരത്തില്‍ ന്യൂയോര്‍ക്കിലെ കനത്ത ചൂട് സെര്‍ബിയന്‍ ഇതിഹാസത്തെ തളര്‍ത്തിയിരുന്നു. ഐസ് ബാഗ് തലയില്‍ വെച്ചും എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടുമാണ് ദ്യോക്കോവിച്ച് മത്സരം പൂര്‍ത്തിയാക്കിയത്. മൂന്നാം സെറ്റിലെ ആറാം ഗെയിമില്‍ താരം കോര്‍ട്ടില്‍ വെച്ച് ഛര്‍ദിക്കുകയും ചെയ്തിരുന്നു.
ശാരീരിക വെല്ലുവിളികളിലും തളരാതെ പൊരുതിയാണ് ദ്യോക്കോവിച്ച് മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിന്റെ ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ കൈവിട്ട താരം പിന്നീടുള്ള രണ്ട് സെറ്റുകള്‍ സ്വന്തമാക്കി ശക്തമായി തിരിച്ചുവരികയായിരുന്നു.
എന്നാല്‍ അര്‍ജന്റൈന്‍ താരം നാലാമത്തെയും അഞ്ചാമത്തേയും സെറ്റുകള്‍ നേടി വിജയം ഉറപ്പാക്കുകയിരുന്നു. അവസാന സെറ്റില്‍ തോല്‍വി ഉറപ്പാക്കിയതോടെ ദ്യോക്കോവിച്ച് ടെന്നീസ് കോര്‍ട്ടില്‍ വികാരഭരിതനാവുകയും ചെയ്തു.
Content Highlight: Novak Djokovic out of US Open in the first round after 20 years