തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് പോലെയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
രാഹുലിന്റെ കേസും മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരായ പീഡനക്കേസും വേറെ തരത്തിലുള്ളതാണ്. എല്‍ദോസ് കുന്നപ്പള്ളിയുടെ കേസില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടി. കോടതിയില്‍ പോലും പോവേണ്ടി വന്നില്ല, അപ്പോഴേക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയില്‍ ലൈംഗികാരോപണം നേരിടുന്ന എത്ര എം.എല്‍.എമാരുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചോദിച്ചു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത്തരത്തില്‍ ആരോപണ വിധേയരായവരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് ‘അത് ഞങ്ങളുടെ വിഷയമല്ലെന്നും അങ്ങനെ ഒരാള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. ഞങ്ങള്‍ പുറത്താക്കിയതാണ്,’ എന്നുമായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചയാളല്ലേ എന്ന് ചോദിച്ചപ്പോഴും തങ്ങളുടെ വിഷയമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി.
ഹൈക്കോടതി ലൈംഗിക പീഡന പരാതിയില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 15ലേക്ക് മാറ്റിവെച്ചിരുന്നു. അറസ്റ്റ് തടയുകയും ചെയ്തായിരുന്നു കോടതിയുടെ ഉത്തരവ്. രാഹുലിനെതിരായ ആദ്യ പരാതിയിലായിരുന്നു നടപടി.
എന്നാല്‍, രണ്ടാമത്തെ പീഡന പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന്റെ അറസ്റ്റിന് വിലക്കില്ലെന്ന വിധിയാണ് പുറപ്പെടുവിച്ചത്.