എഡിറ്റര്‍
എഡിറ്റര്‍
യു.എസിനേക്കാളും ഇംഗ്ലണ്ടിനേക്കാളും ഏറെ മികച്ചതാണ് മധ്യപ്രദേശെന്ന് ശിവരാജ് സിങ് ചൗഹാന്‍
എഡിറ്റര്‍
Friday 3rd November 2017 8:28am


ഭോപ്പാല്‍: അമേരിക്കയേക്കാളും ഇംഗ്ലണ്ടിനേക്കാളും ഏറെ മികച്ചതാണ് മധ്യപ്രദേശെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് സ്ഥാപകദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ രാജ്യത്തേക്കാള്‍ മികച്ചതാണ് മറ്റു രാജ്യങ്ങള്‍ എന്നു വിളിക്കുന്നവര്‍ക്ക് അടിമകളുടെ മാനസികാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘അമേരിക്കയേക്കാളും ഇംഗ്ലണ്ടിനേക്കാളും ഒരുപാട് മുന്നിലാണ് ഞങ്ങളുടെ മധ്യപ്രദേശ്. അത് കാണണമെങ്കില്‍ പോസിറ്റീവ് ചിന്തയുണ്ടാവേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യത്തില്‍ അഭിമാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അടിമയുടെ ചിന്താഗതിയുള്ള ആളുകളാണ് തന്റെ രാജ്യത്തേക്കാള്‍ മികച്ചത് മറ്റു രാജ്യങ്ങളാണെന്ന് വിശ്വസിക്കുക.’ അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശ് ജനതയെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘കേന്ദ്രം പാമ്പും കോണിയും കളിക്കുന്നു’; നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുമ്പോള്‍ നിഷ്‌ക്രിയരായി ഇരിക്കാന്‍ സാധിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി


‘7.50 കോടിയിലേറെ വരുന്ന മധ്യപ്രദേശ് ജനത മധ്യപ്രദേശിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യമാക്കാനുള്ള ശ്രമത്തിലാണ് . ഈ സംസ്ഥാനത്തെ അഴിമതി, തീവ്രവാദം, ദാരിദ്ര്യം എന്നിവ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് അവര്‍.’ അദ്ദേഹം പറഞ്ഞു.

യു.എസിലെ റോഡുകളേക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകള്‍ എന്ന ചൗഹാന്റെ പ്രസ്താവന അടുത്തിടെ വലിയ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ശിവരാജ് സിങ്ങിനെ പരിഹസിച്ച് നിരവധി ട്രോളുകളും വന്നിരുന്നു.

Advertisement