കോഴിക്കോട് ആശുപത്രികളിൽ മരുന്ന് നൽകാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; രോഗികൾ ദുരിതത്തിൽ
Health
കോഴിക്കോട് ആശുപത്രികളിൽ മരുന്ന് നൽകാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; രോഗികൾ ദുരിതത്തിൽ
ഹരികൃഷ്ണ ബി
Tuesday, 19th February 2019, 11:30 am

കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തത് കാരണം രോഗികളുടെ തിരക്ക് ക്രമാതീതമായി വർധിക്കുന്നു. ഡോക്ടർമാരെ സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന രോഗികൾ മണിക്കൂറുകളോളം മരുന്ന് വാങ്ങാൻ കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കോഴിക്കോടുള്ള സർക്കാർ ജനറൽ ആശുപത്രിയിൽ ദിവസേന എത്തുന്ന രോഗികളുടെ എണ്ണം 2000ത്തിലും അധികമാണ്. ഇങ്ങനെ വരുമ്പോൾ ഇവിടെ മാത്രം കൂടിയ അളവിൽ മരുന്നുകൾ ആവശ്യമായി വരുന്നു. എന്നാൽ ജനറൽ ആശുപത്രിയിൽ നിലവിൽ ഉള്ളത് ഏഴ് ഫാർമസിസ്റ്റുകൾ മാത്രമാണ്.

Also Read കോഫി ഹൗസിലെ കിരീടം എന്താ പെണ്ണുങ്ങള്‍ക്ക് ചേരില്ലെ?

ജനറൽ ഹോസ്പിറ്റലിൽ ഏറ്റവും കുറഞ്ഞത് 15 ഫാർമസിസ്റ്റുകളെങ്കിലും രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്‌താൽ മാത്രമേ ഇവിടുത്തെ രോഗികളുടെ തിരക്ക് അൽപ്പമെങ്കിലും നിയന്ത്രിക്കാനാകൂ. ഫാർമസിസ്റ്റുകളും രോഗികളും തമ്മിലുള്ള അനുപാതം കുറഞ്ഞത് 150:1 എങ്കിലും ആയിരിക്കണം. കേരള സർക്കാരിന്റെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ ടി.സി. പറയുന്നു.

“മൊത്തത്തിൽ ഈ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റുകളുടെ കുറവുണ്ട്. ഇവിടെ ഇപ്പൊൾ സർക്കാർ അനുവദിച്ച ക്വോട്ട പ്രകാരം 40 ഫാർമസിസ്റ്റുകളുടെ ഒഴിവുകളാണ് ഉള്ളത്. 19 ഒഴിവുകൾ ഇനിയുമുണ്ട്. 2009ലാണ് ഇവിടെ ഡി.എം.ഇ.(ജില്ലാ മെഡിക്കൽ എജ്യൂക്കേഷൻ) വിഭജനം നടന്നത്. അതിനു ശേഷം ഇതുവരെ പി.എസ്.സി. ഫാർമസിസ്റ്റുകളെ വിളിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പി.എസ്.സി. വിജ്ഞാപനം നൽകിയിട്ടുണ്ടെന്നും പറയുന്നു. ഇവിടെ ഇപ്പോൾ ടെമ്പററിക്കാർ ഒരുപാടുണ്ട്. താത്കാലിക ഫാർമസിസ്റ്റുകൾ. അവർ ടെർമിനേറ്റഡ് ആവുമ്പോൾ വീണ്ടും ആള് കുറയും. 24 മണിക്കൂർ കാഷ്വാലിറ്റി വന്നു, സൂപ്പർ സ്പെഷ്യലിറ്റി വന്നു, ക്യാൻസർ സെന്റർ വന്നു. അവിടെയെല്ലാം ടെമ്പററിക്കാർ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്.” അബ്‌ദുൾ ജലീൽ ഡൂൾ ന്യൂസിനോട് പറഞ്ഞു.

Also Read കണ്ടങ്കാളിയെ മറ്റൊരു വൈപ്പിനാക്കരുത്; പ്രതിഷേധവുമായി പ്രദേശവാസികള്‍

താമരശ്ശേരി, ബാലുശ്ശേരി, ഫറോക്ക്, കുറ്റ്യാടി എന്നിവിടങ്ങളിലുള്ള താലൂക്ക് ആശുപത്രികളിലും ഒരു ദിവസം എത്തുന്ന 1500ഓളം രോഗികൾക്ക് മരുന്നുകൾ നൽകാൻ രണ്ട് ഫാർമസിസ്റ്റുകൾ മാത്രമേയുള്ളു. നാദാപുരത്തേയും പേരാമ്പ്രയിലേയും അവസ്ഥയും വ്യത്യസ്തമല്ല. ഇവിടങ്ങളിൽ ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുക മാത്രമല്ല, മരുന്നുകൾ ശേഖരിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ അധിക ചുമതലയും ഇവർക്കുണ്ട്. അബ്‌ദുൾ ജലീൽ പറയുന്നു.

താലൂക്ക് ആശുപത്രികളിൽ കുറഞ്ഞത് നാല് ഫാർമസിസ്റ്റുകളും ഒരു സ്റ്റോർ സൂപ്രണ്ടും ഒരു സ്റ്റോർ സൂക്ഷിപ്പുകാരനും വേണമെന്നാണ് ചട്ടം.

“ഒരു പ്രൈമറി ഹെൽത്ത് സെന്ററിൽ ഒരു ഫാർമസിസ്റ്റ് ആകും ഉണ്ടാകുക. ഇവിടെ 200 മുതൽ 250 വരെയുള്ള രോഗികൾക്ക് മരുന്നുകൾ ഇവരാണ് നൽകുന്നത്. ഇതിനു പരിഹാരം ചെയ്യേണ്ടത് സർക്കാരാണ്. ആശുപത്രികളുടെ ഭാഗത്ത് നിന്നും ചില കാര്യങ്ങൾ ചെയ്യാം. മരുന്നുകളുടെ മുകളിൽ കഴിക്കേണ്ട വിധവും സമയവും പ്രിന്റ് ചെയ്യാനോ സ്റ്റാമ്പ് ചെയ്യാനോ ഉള്ള സംവിധാനം ഒരുക്കാം. അങ്ങനെ എഴുത്തിനുള്ള സമയം ലാഭിക്കാം, പിന്നെ കൃത്യമായ ക്യൂ സംവിധാനം കൊണ്ടുവരാം. എന്നിരുന്നാലും കൂടുതൽ ആൾക്കാരെ നിയമിക്കുക എന്നതാണ് അടിസ്ഥാനമായി ചെയ്യേണ്ടത്.” കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ടി.ജയകൃഷ്ണൻ ഡൂൾന്യൂസിനോട് പറഞ്ഞു.

വടകരയിലെ ജില്ലാ ആശുപത്രിയിൽ ദിവസേന എത്തുന്നത് 2000ത്തോളം രോഗികളാണ്. ഇവിടെ കുറഞ്ഞത് എട്ട് ഫാർമസിസ്റ്റുകളെങ്കിലും വേണ്ടിടത്ത് അഞ്ച് ഫാർമസിസ്റ്റുകളാണ് നിലവിലുള്ളത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയുള്ള 15 സി.എച്ച്.സികളിലും ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളൂ. ഇത് കാരണം ഇവിടെ വരുന്ന രോഗികൾക്ക് ഡോക്ടറെ കണ്ടുകഴിഞ്ഞിട്ടും മരുന്നിനു വേണ്ടി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു.

Also Read  മാളയിലും സമീപ പ്രദേശങ്ങളിലും ചെമ്മീന്‍ കൃഷി വ്യാപകം; കണ്ടല്‍കാടുകളുടേയും പുഴകളുടേയും സ്വാഭാവികത തകര്‍ത്തെന്ന് ആരോപണം

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് കൂടിവരുമ്പോൾ മധ്യവർഗ്ഗ കുടുംബങ്ങളും ഇപ്പോൾ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളാണ്. ആശുപത്രികളിലെ മരുന്ന് വാങ്ങിക്കാനുള്ള തിരക്ക് കാരണം പലർക്കും ഫാർമസിസ്റ്റുകളോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. ഇതുകാരണം സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്നുകൾ നൂറും ഇരുന്നൂറും രൂപ കൊടുത്ത് പുറത്തെ കടകളിൽ നിന്നും വാങ്ങിക്കേണ്ട ഗതികേടിലേക്ക് നടന്നടുക്കുകയാണ് പല രോഗികളും.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍