അത് അവന്റെയല്ല; ആ പ്രത്യേക 'ആക്ഷന്‍' അല്ലുവിനും മുന്‍പേ ചെയ്തത് സായ് പല്ലവി
Entertainment news
അത് അവന്റെയല്ല; ആ പ്രത്യേക 'ആക്ഷന്‍' അല്ലുവിനും മുന്‍പേ ചെയ്തത് സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th January 2022, 11:39 am

‘പുഷ്പ’ സിനിമയോടൊപ്പം വൈറലായായതാണ് ചിത്രത്തിലെ അല്ലു അര്‍ജുന്റെ പ്രത്യേക ‘ആക്ഷനും’. താടിയിലൂടെ കൈ ഉരസി പോകുന്ന അല്ലുവിന്റെ സ്‌റ്റൈല്‍ വന്‍ഹിറ്റായിരുന്നു. ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന പാട്ടില്‍ കാല്‍പാദം നിലത്തൂടെ നിരക്കി കൈ താടിയിലുരസുന്നതില്‍ അവസാനിക്കുന്ന അല്ലുവിന്റെ ആക്ഷന്‍ സിനിമക്ക് പുറത്തുള്ള പ്രശസ്തരും അനുകരിച്ചിരുന്നു.

അല്ലുവിനെ അനുകരിക്കുന്ന ഡേവിഡ് വാര്‍ണറുടെയും രവീന്ദ്ര ജഡേജയുടെയും വീഡിയോ വൈറലായതാണ്.

ഒരു പാട്ടിന്റെ ഷൂട്ടിനിടയില്‍ താന്‍ ചെയ്ത ആ ആക്ഷന്‍ സംവിധായകന്‍ സുകുമാറിന് ഇഷ്ടപ്പെടുകയും അത് കഥാപാത്രത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം ആവശ്യപ്പെടുയായിരുന്നു എന്നും അല്ലു അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പുറകോട്ടൊന്നു ചികഞ്ഞുനോക്കിയാല്‍ അല്ലുവിനും മുന്‍പേ ഈ ആക്ഷന്‍ സായ് പല്ലവി അവതരിപ്പിച്ചിരുന്നു എന്ന് കാണാനാകും. ധനുഷ് നായകനായി 2018 ല്‍ പുറത്തിറങ്ങിയ ‘മാരി ടു’വിലെ ‘റൗഡി ബേബി’ എന്ന പാട്ട് സിനിമപ്രേമികള്‍ മറക്കാനിടയില്ല.

ധനുഷിനെ കടത്തിവെട്ടി തന്റെ ഡാന്‍സിലൂടെ തെന്നിന്ത്യയെ സായ് പല്ലവി ഞെട്ടിച്ച വര്‍ഷമായിരുന്നു 2018. ഇന്ന് ‘ഊ അണ്ടവാ’ ഉണ്ടാക്കിയ ഓളം അന്ന് റൗഡി ബേബിയും ഉണ്ടാക്കിയിരുന്നു.

View this post on Instagram

A post shared by Pushpa (@pushpamovie)

റൗഡി ബേബിയില്‍ അല്ലുവിന്റെ പുഷ്പയിലെ അതേ ആക്ഷന്‍ സായ് പല്ലവി ഡാന്‍സിനിടയില്‍ പുറത്തെടുക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ പാട്ടിന്റെ നാല് മിനിട്ട് 44ാം സെക്കന്റിലാണ് സായി പല്ലവിയുടെ ആക്ഷന്‍. അല്ലുവിന്റെ പുഷ്പ ഹിറ്റായതോടെ സായ് പല്ലവിയുടെ ആക്ഷനും തേടി ആളുകള്‍ യുട്യൂബിലെത്തുവാണ്.

എന്തായാലും പുഷ്പ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ലോകമെമ്പാടും 300 കോടിയിലേറെ രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

തെലുങ്ക് സിനിമയ്ക്കും അല്ലു അര്‍ജുന്റെ കരിയറിനും വന്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ് പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍ വില്ലനായ് എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പുഷ്പ 2ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് അറിയുന്നത്.


Content Highlight: not-allu-arjun-in-pushpa-sai-pallavi-did-it-first-in-dhanush-s-rowdy-baby