ലണ്ടന്‍: ബ്രിട്ടനിലെ ബി.ബി.സി ആസ്ഥാനത്തിന് മുന്നില് നിന്നാരംഭിക്കുന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തിയ ലണ്ടന്‍ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടനിലെ ജൂത വംശജര്‍.
ഈ വരുന്ന ശനിയാഴ്ച ബി.ബി.സിയുടെ ആസ്ഥാനത്ത് നിന്ന് വൈറ്റ്ഹാളിലേക്ക് നടത്താനിരുന്ന ഫലസ്തീന്‍ അനുകൂല റാലിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ബ്രിട്ടീഷ് ജൂതന്മാരും നിയമ-സാംസ്‌കാരിക പ്രവര്‍ത്തകരും ഒപ്പിട്ട പ്രസ്താവന ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസിന് കൈമാറി. ബ്രിട്ടനിലെ ഹോളോകോസ്റ്റ് സര്‍വൈവേഴ്‌സും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പ്രതിഷേധമാര്‍ച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി നവംബറില്‍ ഫലസ്തീന്‍ അനുകൂല സഖ്യം നിര്‍ദ്ദേശിച്ച റൂട്ടിന് ഉദ്യോഗസ്ഥര്‍ മുമ്പ് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫലസ്തീന്‍ അനുകൂല റാലി രണ്ട് സിനഗോഗുകള്‍ക്ക് അടുത്താണെന്ന് പറഞ്ഞാണ് പൊലീസ് അനുമതി നിഷേധിച്ചത്.
റാലി വഴിതിരിച്ചുവിടാന്‍ ഇസ്രഈല്‍ അനുകൂല ഗ്രൂപ്പുകളും എം.പിമാരും മെറ്റ് കമ്മീഷണര്‍ മാര്‍ക്ക് റൗളിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഡിസംബറില്‍ ചീഫ് റബ്ബിയായ എഫ്രേം മിര്‍വിസ് ജൂത സമൂഹത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മെറ്റ് കമ്മീഷണര്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഴി നിഷേധിക്കപ്പെട്ടത്.
ഇതോടെയാണ് ചീഫ് റബ്ബിയോട് വിയോജിക്കുന്ന 700 ഓളം ബ്രിട്ടീഷ് ജൂതന്മാര്‍ നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ട് തുറന്ന കത്ത് എഴുതിയത്. ആദ്യം സമ്മതിച്ച റൂട്ടിലൂടെ മാര്‍ച്ച് നടത്താന്‍ അനുവദിക്കണമെന്നാണ് ഇവര്‍ പൊലീസിനോട് ആവശ്യപ്പെടുന്നത്.
സിനഗോഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭീഷണിയായി പ്രതിഷേധ മാര്‍ച്ചുകള്‍ ചിത്രീകരിക്കാനുള്ള ഒരു സംഘടിത ശ്രമത്തെ കത്തില്‍ അപലപിക്കുന്നുണ്ട്. സിനഗോഗുകളെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും വിധത്തില്‍ ടാര്‍ഗെറ്റുചെയ്തതായി തെളിയിക്കുന്ന സംഭവങ്ങളൊന്നുമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയ്ന്‍, മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍, ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറം, ഫ്രണ്ട്‌സ് ഓഫ് അല്‍ അഖ്സ തുടങ്ങിയ ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.