എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല; അധികാരികളിലെ നിസംഗ മനോഭാവത്തിനെതിരെ സഭയ്ക്കകത്തും പുറത്തുമുള്ള പ്രതിഷേധം തുടരും: ഷാഫി പറമ്പില്‍
Kerala News
എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല; അധികാരികളിലെ നിസംഗ മനോഭാവത്തിനെതിരെ സഭയ്ക്കകത്തും പുറത്തുമുള്ള പ്രതിഷേധം തുടരും: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 1:25 pm

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗഭാവത്തിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പേട്ടയില്‍ അജ്ഞാതന്‍ സ്ത്രീയെ ഉപദ്രവിച്ചതില്‍ നല്‍കിയ അടിയന്തര പ്രമേയം സ്പീക്കര്‍ പ്രാധാന്യത്തോടെ എടുത്തില്ലെന്നും തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും അധികാരികളുടെയും മൂക്കിന് മുമ്പിലാണ് ഈ പ്രശ്‌നം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും ഡി.ജി.പിയുടെയും മൂക്കിന് മുമ്പില്‍ 16 വയസുള്ള പെണ്‍കുട്ടി ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്നത് നമ്മള്‍ കണ്ടു.

ആ പെണ്‍കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടിയതിന്റെയും പരിക്കേറ്റതിന്റെയും വാര്‍ത്തകളും സംബന്ധിച്ച് നിയമസഭയില്‍ ഞങ്ങള്‍ അടിയന്തര പ്രമേയം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതിന് പ്രാധാന്യമില്ലെന്ന മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്.

ഇന്ന് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നു. പേട്ട പൊലീസ് സ്റ്റേഷനില്‍ 49 വയസുള്ളൊരു വനിത മരുന്ന് വാങ്ങി തിരിച്ച് വരുമ്പോള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഒരു അജ്ഞാതന്‍ അവരെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ചെറുത്തപ്പോള്‍ മുടി പിടിച്ച് വട്ടം കറക്കി മതിലിലും ചുമരിലുമെല്ലാം മുഖവും കണ്ണുമുരച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയാകേണ്ടി വന്നു.

വീട്ടിലേക്ക് ഓടി കയറിയ കുട്ടി സഹായത്തിന് വേണ്ടി പേട്ട പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരും വന്നില്ല. ആ സംഭവം നടന്ന് ഏതാനും മിനിട്ടുകള്‍ക്കകം വിവരം നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. പകരം പൊലീസ് മൊഴിയെടുക്കാന്‍ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. കേസെടുത്തത് തന്നെ മൂന്ന് ദിവസം കഴിഞ്ഞാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.

എന്നാല്‍ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ കേവലം രാഷ്ട്രീയമായി കാണുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഈ തലസ്ഥാനത്ത് കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഇതാണ്. അത് കേരളത്തിന്റെ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ കേവലം രാഷ്ട്രീയമായി മാത്രം കണ്ട് അനുവദിക്കാതിരിക്കുന്ന ജനാധിപത്യ വിരുദ്ധത കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.

ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ഇത് പോലെ നൂറുക്കണക്കിന് സംഭവങ്ങളാണ്. തലസ്ഥാനത്ത് പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത വിഷയത്തെ ഉമാ തോമസ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തള്ളിക്കളഞ്ഞവരും അതിന് പിന്തുണ നല്‍കിയതുമായ ആളുകള്‍ മനസിലാക്കണം ഇത് ആവര്‍ത്തിക്കപ്പെടുകയാണ്.

ഇത്തരം വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന്റെ ഗൗരവം കേരളത്തിന്റെ ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഈ പൊലീസിന്റെയും അധികാരികളിലൂടെയും നിസംഗ മനോഭാവത്തിനെതിരെ സഭക്കകത്തും പുറത്തുമുള്ള ഞങ്ങളുടെ പ്രതിഷേധവും സമരവും തുടരുക തന്നെ ചെയ്യും,’ ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

content highlight: Not all are isolated incidents; Protests inside and outside the church will continue against the reticent attitude of the authorities: Shafi Parampil