ആ തീരുമാനത്തിന് പിന്നില്‍ സ്വന്തം ജീവിതാനുഭവം; ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി
tamil movie
ആ തീരുമാനത്തിന് പിന്നില്‍ സ്വന്തം ജീവിതാനുഭവം; ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2019, 3:49 pm

ചെന്നൈ: ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി. സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ് തന്നെ കൊണ്ട് അത്തരമൊരു തീരുമാനമെടുപ്പിച്ചത് എന്നാണ് താരം പറയുന്നത്.

ബിഹൈന്‍ഡ് വുഡ്‌സ്. കോം ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘ഞാനുമായി അടുത്തുനില്‍ക്കുന്ന ആളുകള്‍ എന്റെ അച്ഛനും അമ്മയും സഹോദരി പൂജയും സുഹൃത്തുക്കളുമാണ്. പൂജയ്ക്ക് എന്നെക്കാള്‍ നിറം കുറവാണ്. അതില്‍ അവള്‍ അല്‍പം അസ്വസ്ഥയുമായിരുന്നു. പലപ്പോഴും കണ്ണാടിക്ക് മുന്നില്‍ ഞാനും അവളും ഒരുമിച്ച് നില്‍ക്കുമ്പോള്‍ അവള്‍ എന്റെ മുഖത്തേക്കും സ്വന്തം മുഖത്തേക്കും മാറി മാറി നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

അവള്‍ ചീസും ബര്‍ഗറുമൊക്കെ നന്നായി കഴിക്കുന്ന കൂട്ടത്തിലാണ്. ഒരു തവണ തമാശക്കായി ഞാന്‍ അവളോട് പറഞ്ഞു പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിച്ചാല്‍ നിറം കൂടുമെന്ന്. അതൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും അവള്‍ അത് കഴിച്ചു. കാരണം അവള്‍ക്ക് എങ്ങെയെങ്കിലും നിറം കൂടണമെന്ന് മാത്രമായിരുന്നു ആഗ്രഹം.

പിന്നീട് അന്ന് ഞാന്‍ ചെയ്ത കാര്യം ഓര്‍ത്ത് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. എന്നെക്കാള്‍ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെണ്‍കുട്ടിയില്‍ ഞാന്‍ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്നായിരുന്നു ഞാന്‍ ആലോചിച്ചത്.

ഈയൊരു പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടില്‍ പോയി ചിലപ്പോള്‍ മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും, അല്ലെങ്കില്‍ ചോറ് അല്ലെങ്കില്‍ ഇങ്ങനെ കാറില്‍ യാത്രചെയ്യുമായിരിക്കും. എനിക്കതില്‍ കൂടുതല്‍ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവര്‍ സന്തോഷമായിരിക്കണം അതാണ് ഏറ്റവും പ്രധാനം. അവര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുക. അത് മാത്രമാണ് വേണ്ടത്.

ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്തുകൊണ്ടാണ് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകള്‍ക്ക് ഇരുണ്ട നിറമാണ്, അതാണ് അവരുടെ നിറം. അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകള്‍.

അവള്‍ മാത്രമല്ല ഞാനും ഒരു ഘട്ടത്തില്‍ വലിയ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നു. പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാനും ഫെയര്‍നെസ് ക്രീമുകള്‍ വാങ്ങി ഉപയോഗിച്ചേനെ. മുഖക്കുരു മാറാനുള്ള ക്രീമുകള്‍ക്ക് പിന്നാലെ പോയേനെ. ഇതുവരെ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ലാത്ത ആളാണ് ഞാന്‍. പ്രേമം സിനിമയിലേക്ക് വന്നപ്പോള്‍ ഞാന്‍ സംവിധായകന്‍ അല്‍ഫോണ്‍സിനോട് ചോദിച്ചു, ഞാന്‍ മുടി വെട്ടിയില്ല, ത്രഡ് ചെയ്തിട്ടില്ല എനിക്കെങ്ങനെ നായിക ആകാന്‍ കഴിയുമെന്ന്. ആളുകള്‍ തിയറ്ററില്‍ നിന്നിറങ്ങിപ്പോകില്ലേ എന്നായിരുന്നു എന്റെ ചോദ്യം.

ആദ്യദിവസം ആദ്യഷോ കാണുമ്പോള്‍ ഞാന്‍ അമ്മയുടെ കൈപിടിച്ച് അമര്‍ത്തുകയായിരുന്നു..എന്റെ ശബ്ദം നോക്കൂ ആണുങ്ങളെപ്പോലെയിരിക്കുന്നു എന്നെല്ലാം പറഞ്ഞ്.

ഇപ്പോഴും എന്റെ ഫോണിലേക്ക് വിളിച്ച് ‘സര്‍, മാഡത്തിന് ഫോണ്‍ കൊടുക്കുമോ’ എന്ന് പലരും ചോദിക്കാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ശബ്ദം മാറ്റി സംസാരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പല അരക്ഷിതാവസ്ഥകളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാമെന്ന് മനസിലാക്കിയതോടെ, അത് ശരിയായ രീതിയില്‍ ഉപയോഗിക്കാനാണ് ഞാന്‍ താത്പര്യപ്പെട്ടത്- സായ് പല്ലവി പറഞ്ഞു.