രാഹുലുമായി അഭിമുഖത്തിന് ആവശ്യപ്പെട്ട് മോദിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തക
Daily News
രാഹുലുമായി അഭിമുഖത്തിന് ആവശ്യപ്പെട്ട് മോദിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2026, 11:32 am

ഓസ്ലോ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഒരു അഭിമുഖത്തിനായി ആവശ്യപ്പെട്ട് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയയായ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ.

ഫോണ്‍ വഴിയുള്ള അഭിമുഖത്തിനായാണ് എക്‌സില്‍ രാഹുലിനോട് ഹെല്ലെ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കാത്ത നരേന്ദ്രമോദിയുടെ നടപടിയെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഹെല്ലയുടെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് രാഹുലിന്റെ എക്‌സ് പോസ്റ്റിന് പ്രതികരിച്ചുകൊണ്ട് ഹെല്ല അദ്ദേഹത്തിന്റെ അഭിമുഖത്തിനായി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കാത്തതിനെയാണ് ഹെല്ല ചോദ്യം ചെയ്തത്. നോര്‍വെ പ്രധാനമന്ത്രി യൊനാസ് ഗാര്‍ സ്റ്റോറുമായി സംയുക്ത വാര്‍ത്താ കുറിപ്പ് വായിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മോദി ഇറങ്ങിപ്പോകവേയായിരുന്നു അവര്‍ ഈ ചോദ്യമുന്നയിച്ചത്.

ഹെല്ല നരേന്ദ്രമോദിയോട് ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോക്ക് വ്യാപക പ്രചാരം ലഭിച്ചിരുന്നു. ‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് താങ്കള്‍ മറുപടി നല്‍കുന്നില്ല,’ എന്ന് ഹെല്ല ചോദിക്കുന്നതായി വീഡിയോയിലുണ്ട്.

‘ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ചോദ്യത്തിന് മറുപടി നല്‍കിയില്ല, അദ്ദേഹം മറുപടി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടുമില്ല. മാധ്യമ സ്വാതന്ത്ര സൂചികയില്‍ നോര്‍വെ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യ 157ാം സ്ഥാനത്ത് ഫലസ്തീനുമായും ക്യൂബയുമായും എമറേറ്റ്സുമായും മത്സരിക്കുകയാണ്. നമ്മള്‍ സഹകരിക്കുന്ന ശക്തികളുമായി സഹകരിക്കേണ്ടത് നമ്മുടെ ജോലിയാണ്,’ എന്നും ഹെല്ല വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതിന് പിറകെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഹെല്ലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോര്‍ജ് പ്രെസ് ബ്രീഫിങ് നടത്തി.

പ്രെസ് ബ്രീഫിങ്ങില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ചും ഇന്ത്യയില്‍ മോദി വാര്‍ത്താ സമ്മേളനം നടത്താത്തതിനെക്കുറിച്ചും ഹെല്ല ചോദ്യം ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള നേരിട്ടുള്ള മറുപടി മന്ത്രാലയം സെക്രട്ടറി സിബി ജോര്‍ജ് നല്‍കിയില്ല. പകരം ഇന്ത്യ 5000 വര്‍ഷം പ്രായമുള്ള നാഗരികതയാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നുമെല്ലാമാണ് അദ്ദേഹം മറുപടി നല്‍കിയത്.

അതെസമയം, നരേന്ദ്ര മോദിയെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചെയ്ത ശേഷം തന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി ഹെല്ലെ ലിങ് അറിയിച്ചു. മോദിയെ വിമര്‍ശിച്ചതിന് ശേഷം ഹെല്ലെ ലിങ്ങിനെതിരെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വിദ്വേഷ കമന്റുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മെറ്റ അക്കൈണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി മാധ്യമപ്രവര്‍ത്തക അറിയിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനായി നല്‍കിയ ഒരു ചെറിയ വില എന്ന് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെക്കുറിച്ച് ഹെല്ല എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു അനുഭവം മുമ്പ് തനിക്ക് ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഹെല്ലെ എക്‌സില്‍ പങ്കുവെച്ചു.

‘ഇന്ന് കുറേ തവണ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇപ്പോള്‍ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് നല്‍കിയ ചെറിയൊരു വില. ഇത് ഞാന്‍ മുമ്പ് അനുഭവിച്ചിട്ടില്ല,’ ഹെല്ലെ കുറിച്ചു.

ഓസ്ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ‘ദാഗ്സാവിസെന്‍’എന്ന നോര്‍വീജിയന്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ ലങ്.

Content Highlight: Norwegian journalist Helle Lyng seeks interview with Rahul Gandhi after PM Modi press row