2026 ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് ആവേശം നല്‍കി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മുന്നേറുകയാണ്. നാളെ (ജൂലൈ 12) രണ്ട് മത്സരങ്ങളോട് കൂടിയാണ് സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാക്കും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും നോര്‍വേയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡുമാണ് നേര്‍ക്കുനേര്‍ വരുന്നത്.
എന്നാല്‍, ഈ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നോര്‍വേ ആരാധകര്‍ വലിയ ആവേശത്തിലാണ്. 2002 ലോകകപ്പ് മുതല്‍ നോക്കൗട്ടില്‍ ജപ്പാനെ തോല്‍പ്പിച്ച ടീമുകളെ പരാജയപ്പെടുത്തിയവരാണ് ലോകകപ്പ് വിജയികളായത് എന്നതാണ് ഇതിന് കാരണം.
2002 ലോകകപ്പില്‍ റൗണ്ട് ഓഫ് 16ല്‍ ജപ്പാനെ തോല്‍പ്പിച്ച് തുര്‍ക്കി സെമിഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ ബ്രസീലിന് മുന്നില്‍ കാലിടറി. ആ ലോകകപ്പിലാണ് കാനറികള്‍ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്.
പക്ഷേ, അടുത്ത 2006 ലോകകപ്പില്‍ ജപ്പാന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചില്ല. എന്നാല്‍ 2010ലെ ലോകകപ്പില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നു. റൗണ്ട് ഓഫ് 16ല്‍ സമുറായി ബ്ലൂസിനെ പരാഗ്വേ പരാജയപ്പെടുത്തി. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ക്ക് സ്‌പെയ്‌നിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ആ ലോകകപ്പിൽ സ്‌പെയ്ന്‍ ചാമ്പ്യന്മാരായി.
2014ല്‍ ജപ്പാന്‍ വീണ്ടും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും 2018 ലോകകപ്പില്‍ ഫ്രാന്‍സ് കപ്പുയത്തിയപ്പോഴും ഈ ട്രെന്‍ഡ് ആവര്‍ത്തിക്കപ്പെട്ടു. ഇത്തവണ നോക്കൗട്ടില്‍ ബെല്‍ജിയമാണ് ജപ്പാനെ വീഴ്ത്തിയത്. സെമി ഫൈനലില്‍ അവരെ തകര്‍ത്താണ് ഫ്രഞ്ച് പട ഫൈനലില്‍ എത്തിയതും രണ്ടാം കിരീടത്തില്‍ മുത്തമിട്ടതും.
2022 ലോകകപ്പുമായി അർജന്റീന ടീം.
ഖത്തറില്‍ നടന്ന അവസാന ലോകകപ്പിലും കിരീടത്തില്‍ ജപ്പാന്റെ കയ്യൊപ്പുണ്ട്. നോക്കൗട്ടില്‍ ജപ്പാന് ഇത്തവണ അടിപതറിയത് ക്രൊയേഷ്യക്ക് മുന്നിലാണ്. ക്രോട്ടുകളുടെ ആ യാത്ര ചെന്ന് അവസാനിച്ചത് സെമിഫൈനലിലായിരുന്നു. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് അര്ജന്റീന ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തിയായിരുന്നു കിരീടം ചൂടിയത്.
ഈ ട്രെന്‍ഡ് ആവര്‍ത്തിക്കുകയാണെങ്കില്‍ നോര്‍വേയായിരിക്കും കപ്പുയര്‍ത്തുക. ഇത്തവണ റൗണ്ട് ഓഫ് 32ല്‍ ജപ്പാനെ ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. റൗണ്ട് ഓഫ് 16ല്‍ ആ കാനറികളെ തോല്‍പ്പിച്ചാണ് നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഈ ട്രെന്‍ഡ് ഹാലണ്ടിനെയും സംഗത്തിനെയും തുണച്ചാല്‍ ചരിത്രം പിറക്കും.
Content Highlight: Norway will lift FIFA World Cup 2026 if the trend of teams defeated the sides who knock Japan out went on to win the World Cup