പ്യോങ്‌യാങ്: ശത്രുരാഷ്ട്രങ്ങളുടെ ഭീഷണികളെ തകര്‍ക്കാനുള്ള അജയ്യശക്തിയായി രാജ്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.
ഉത്തരകൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 80ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ കൂറ്റന്‍ സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം.
‘അമേരിക്കയുടെ ആണവായുധ ഭീഷണികളെ നേരിടാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ് ഉത്തര കൊറിയ. കടുത്ത നയങ്ങള്‍ പിന്തുടര്‍ന്നും ആശയങ്ങള്‍ മുറുകെ പിടിച്ചുമാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുന്നത്. ഇത് എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്’, കിം പറഞ്ഞു.
വൈകാതെ തന്നെ സാമ്പത്തിക രംഗത്ത് വലിയ പുരോഗതി കൈവരിക്കാനാകുമെന്നും സോഷ്യലിസ്റ്റ് പറുദീസയായി രാജ്യത്തെ മാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശനേതാക്കളടക്കം പങ്കെടുത്ത പ്യോങ്‌യാങിലെ മേയ് ഡേ സ്‌റ്റേഡിയത്തില്‍ നടന്ന സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വസാങ് – 20 ഉള്‍പ്പടെയുള്ള ആധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഏറ്റവും ശക്തമായ ആണവായുധ സംവിധാനമായ ഹ്വാസോങ് – 20 ഉടനെ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹ്വസാങ്- 20ക്ക് പുറമെ ഹ്രസ്വ ദൂര ബാലിസ്റ്റിക്, ക്രൂയിസ്, സൂപ്പര്‍ സോണിക് മിസൈലുകള്‍ എന്നിവയും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
യു.എസിന്റെയും മേഖലയിലെ എതിരാളികളുടെയും ഭീഷണികളെ നേരിടാനായാണ് കിമ്മിന്റെ ആയുധപരീക്ഷണങ്ങളെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
സൈനിക പരേഡില്‍ ആയിരക്കണക്കിന് പൊതുജനങ്ങള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാനായി റഷ്യയിലേക്ക് കിം അയച്ച സൈനിക ട്രൂപ്പും പരേഡില്‍ പങ്കെടുത്തതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
സമീപകാലത്തായി ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉത്തര കൊറിയ. യു.എസിന് അരികില്‍ വരെ എത്താന്‍ സഹായിക്കുന്ന മിസൈലുകളാണ് ഉത്തര കൊറിയ വികസിപ്പിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഹ്വസാങ് – 20.
ഖര ഇന്ധനങ്ങള്‍ വഹിക്കുന്ന മിസൈലുകളാണ് ഹ്വസാങ് വ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 ആക്‌സില്‍ ലോഞ്ചര്‍ ട്രാക്കില്‍ ഘടിപ്പിച്ച കൂറ്റന്‍ ഹ്വസാങ്-20യുടെ അരങ്ങേറ്റമാണ് പരേഡില്‍ നടന്നത്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, മുന്‍ റഷ്യന്‍ പ്രസിഡന്റും നിലവിലെ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടോ ലാം തുടങ്ങിയവര്‍ സൈനിക പരേഡില്‍ അതിഥികളായി.
യു.എസുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുക്കുകയാണ് ഉത്തര കൊറിയ. കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ച കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനുമൊപ്പം സൈനിക പരേഡില്‍ പങ്കെടുത്തിരുന്നു.
Content Highlight: North Korea will grow into an invincible power that can crush all threats: Kim Jong Un at the 80th grand military parade