അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് നോര്‍ത്ത് കൊറിയ: റിപ്പോര്‍ട്ട്
World News
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് നോര്‍ത്ത് കൊറിയ: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 7:01 am

പ്യോങ്യാങ്: സൗത്ത് കൊറിയ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നോര്‍ത്ത് കൊറിയ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇന്നലെ (ശനിയാഴ്ച) നടന്ന പരീക്ഷണ വിക്ഷേപണത്തിലൂടെ രണ്ട് പുതിയ മിസൈലുകള്‍ക്കും മികച്ച പോരാട്ട ശേഷിയുണ്ടെന്ന് തെളിയിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പരീക്ഷണത്തിന്റെ കൂടുതല്‍ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

മിസൈലുകളുടെ പരീക്ഷണ സ്ഥലം എവിടെയാണെന്ന് ഇതുവരെയും വ്യക്തമല്ല. എങ്കിലും പുതിയ മിസൈലുകളുടെ പ്രവര്‍ത്തനവും പ്രതികരണ രീതിയും പ്രത്യേകമായ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഈ പ്രൊജക്ടൈലുകളുടെ സാങ്കേതിക സവിശേഷതകള്‍ വിവിധ വ്യോമ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിന് വളരെ അനുയോജ്യമാണെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചു,’ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് സൗത്തിനെയും നോര്‍ത്തിനെയും വേര്‍തിരിക്കുന്ന സൈനികവത്കരിക്കപ്പെട്ട അതിര്‍ത്തി കടന്ന നിരവധി നോര്‍ത്ത് കൊറിയന്‍ സൈനികര്‍ക്ക് നേരെ മുന്നറിയിപ്പിന്റെ ഭാഗമായി വെടിയുതിര്‍ത്ത വിവരം സൗത്ത് കൊറിയന്‍ സൈന്യം ഇന്നലെ (ശനിയാഴ്ച) പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഈ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും മനപൂര്‍വമായ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ കോ ജോങ് ചോളിനെ ഉദ്ധരിച്ച് നോര്‍ത്ത് കൊറിയയുടെ സംസ്ഥാന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് കൊറിയന്‍ സൈന്യം തങ്ങള്‍ക്ക് നേരെ മെഷീന്‍ ഗണ്ണില്‍ നിന്നും പത്തില്‍ അധികം തവണ വെടിയുതിര്‍ത്തതായി നോര്‍ത്ത് കൊറിയ ആരോപിച്ചു. പിന്നാലെ സിയോളിന് മുന്നറിയിപ്പും നല്‍കി.

കോ ജോങ് ചോള്‍ ഇതിനെ സൈനിക സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തിയെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നോര്‍ത്ത് കൊറിയ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കനത്ത സുരക്ഷയുള്ള അതിര്‍ത്തിയുടെ പേരില്‍ ഇരുരാജ്യങ്ങളും പതിറ്റാണ്ടുകളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും പുതിയ ഏറ്റുമുട്ടലാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വെടിവെപ്പ്.

Content Highlight: North Korea tests two new air defense missiles amid border tensions with South