'ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് അരോചകം'; കേരളത്തെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത അര്‍ജന്റീനയുടെ ട്വീറ്റിനെതിരെ ഉത്തരേന്ത്യന്‍ പ്രൊഫൈലുകള്‍
national news
'ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് അരോചകം'; കേരളത്തെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത അര്‍ജന്റീനയുടെ ട്വീറ്റിനെതിരെ ഉത്തരേന്ത്യന്‍ പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th December 2022, 12:54 pm

ന്യൂദല്‍ഹി: ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം രംഗത്തെത്തിയിരുന്നു.

ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ആരാധകര്‍ക്ക് അര്‍ജന്റീന നന്ദിയറിയിച്ചിരുന്നത്.

‘നന്ദി ബംഗ്ലാദേശ്, നന്ദി കേരള, ഇന്ത്യ, പാകിസ്ഥാന്‍ നിങ്ങളുടെ പിന്തുണക്ക് വലിയ നന്ദി,’ എന്നായിരുന്നു അര്‍ജന്റൈന്‍ ടീം ട്വീറ്റ് ചെയ്തിരുന്നത്.

ട്വീറ്റില്‍ രാജ്യങ്ങളുടെ പേരില്‍ അല്ലാതെ അര്‍ജന്റൈന്‍ ടീം മെന്‍ഷന്‍ ചെയ്തിരിക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമായിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് ചില ട്വിറ്റര്‍ പ്രൊഫൈലുകള്‍.

യു.പി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊഫൈലുകളാണ് ഇത്തരം പ്രതിഷേധമറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പ്രത്യേകമായി കേരളത്തെ പരിഗണിച്ചുവെന്നാണ് ഇവരുടെ പരാതി.

‘അര്‍ജന്റൈന്‍ ടീമിന്റെ ഔദ്യഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ് അശ്രദ്ധയാണ്. അതില്‍ കേരളത്തെ ഒരു പ്രത്യേക അസ്തിത്വമായി തിരുകിക്കയറ്റിയിരിക്കുന്നു.


ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന മൂന്ന് രാഷ്ട്രങ്ങള്‍ക്കിടയില്‍ കേരളത്തെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത് ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും അരോചകമാണ്,’ എന്നാണ് യു.പി പൊലീസിന്റെ ഭാഗമാണെന്ന് പ്രൊഫൈലില്‍ പരിചയപ്പെടുത്തുന്ന അഞ്ജലി കതാരിയ എന്ന പ്രൊഫൈല്‍ ട്വീറ്റ് ചെയത്.

അര്‍ജന്റീനക്ക് പുറത്ത് ബംഗ്ലാദേശിലും, ഇന്ത്യയിലുമാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതില്‍ തന്നെ കേരളത്തിലും കൊല്‍ക്കത്തയിലുമാണ് ഇന്ത്യയിലെ അര്‍ജന്റീനയുടെ വലിയ ആരാധക കൂട്ടമുള്ളത്.

അതേസമയം, ഒരു നീണ്ടകാലയളവിലെ കിരീട വരള്‍ച്ചക്ക് ശേഷം തുടര്‍ച്ചയായി കോപ്പഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അര്‍ജന്റീന രാജകീയമായ തിരിച്ചുവരവാണ് ലോകകപ്പ് കിരീട നേട്ടത്തോടെ നടത്തിയിരിക്കുന്നത്.