ഓര്‍ക്കുന്നുണ്ടോ ആ കുഞ്ഞു 'നോക്കിയ' ഫോണും പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിമും ; ഈ സെപ്റ്റംബറില്‍ ചിലത് ഓര്‍മ്മിക്കാം
TechNews
ഓര്‍ക്കുന്നുണ്ടോ ആ കുഞ്ഞു 'നോക്കിയ' ഫോണും പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിമും ; ഈ സെപ്റ്റംബറില്‍ ചിലത് ഓര്‍മ്മിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 12:19 pm

കുഞ്ഞന്‍ നോക്കിയ 3310 കയ്യില്‍ പിടിച്ചു നടന്ന കാലം ഓര്‍ക്കുന്നുണ്ടോ, ഇപ്പോള്‍ വിപണിയിലില്ലെങ്കിലും നോക്കിയ 3310 ഫോണിന് ആരാധകര്‍ എത്രയാണെന്നോ. 2020 സെപ്റ്റംബര്‍ ഒന്നിനാണ് നോക്കിയയുടെ ഈ വേര്‍ഷന്‍ ആദ്യമായി പുറത്തിറങ്ങുന്നത്. അതായത് നമ്മുടെ നോക്കിയ 3310ന് ഈമാസം 20 വയസ്സായിരിക്കുന്നു.

പിന്നീടങ്ങോട്ട് സ്മാര്‍ട്ട്, ടച്ച് ഫോണുകളുടെ കാലമായിരുന്നുവെങ്കിലും നോക്കിയ 3310 എന്നും സ്മാര്‍ട്ടായിരുന്നുവെന്ന് ആരാധകര്‍ പറയും.

ഡെന്‍മാര്‍ക്കിലെ നോക്കിയ കോപെന്‍ഹേഗന്‍ ടീമാണ് നോക്കിയ 3310 ഡിസൈന്‍ ചെയ്തത്. പിന്നീട് ഫിന്‍ലാന്റ്, ഹങ്കറി എന്നിവിടങ്ങളിലായി ഇതിന്റെ നിര്‍മാണം നടന്നുപോന്നു. നോക്കിയ 3310ന് ശേഷം കൂടുതല്‍ ഫീച്ചറുകളുമായി നോക്കിയ 3330 ഇറങ്ങി. വൈറസ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോള്‍ സൈറ്റ്, അനിമേറ്റഡ് സ്‌ക്രീന്‍സേവേഴ്‌സ് എന്നിവ കൂട്ടിച്ചേര്‍ത്താണ് 3330ന്റെ ഇറക്കം.

ഇന്ന് നമ്മള്‍ സെക്കന്റുകള്‍ക്കുള്ളില്‍ തലങ്ങും വിലങ്ങും മെസേജ് പായിക്കുമ്പോള്‍ ഒന്നറിയണം ഈ മെസേജിങ്ങ് സംവിധാനം പോപ്പുലറാവുന്നത് നോക്കിയ 3310ലൂടെയാണ്. ഒരു സ്റ്റാന്‍ഡേര്‍ഡ് മെസേജിന്റെ മൂന്നിരട്ടി വലുപ്പമുള്ള മെസേജ് വരെ കടത്തിവിട്ടുകൊണ്ടാണ് 3310 ഹീറോയിസം തെളിയിച്ചത്.

നോക്കിയ 3310ന്റെ മറ്റൊരു പ്രധാന പ്രത്യേകത അതിലെ ഗെയിമുകളായിരുന്നു. ‘പാമ്പ് ആപ്പിള്‍’ തിന്നുന്ന ഗെയിമുകളിക്കാത്ത ആളുകള്‍ കുറവായിരിക്കും. അത്രത്തോളം പ്രശസ്തിയാര്‍ജ്ജിച്ചതാണ് സ്‌നേക്ക് 2 ഗെയിം
പാരിസ് 2, ബന്‍തുമി, സ്‌പേസ് ഇംപാക്ട് എന്നീ ഗെയിമുകളും സ്‌നേക്ക് 2 വിനൊപ്പം 3310ല്‍ ഉണ്ടായിരുന്നു.

ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ വരെ 2012ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് സ്‌നേക്ക് 2 ഗെയിം.

എറിഞ്ഞാലും പൊട്ടാത്ത ഫോണെന്ന് നോക്കിയ 3310നെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ, ഉറപ്പുള്ള കെയ്‌സ് കൊണ്ട് ആവരണം ചെയ്ത കുഞ്ഞന്‍ ഫോണ്‍ കേടുകൂടാതെ ഇന്നും ചിലര്‍ സൂക്ഷിച്ചുവെക്കുന്നതിന് പിന്നിലുള്ള രഹസ്യം ഇതല്ലാതെ മറ്റെന്താണ്?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: nokia 3310 20 years memories