നോയ്ഡ തൊഴിലാളി സമരം; 350 കുട്ടികളെയും കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്
national news
നോയ്ഡ തൊഴിലാളി സമരം; 350 കുട്ടികളെയും കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്
ആദര്‍ശ് എം.കെ.
Tuesday, 21st April 2026, 7:21 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തെ അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയ പൊലീസ് 350 കുട്ടികളെയും തടവിലാക്കിയതായി റിപ്പോര്‍ട്ട്.

സമരം രൂക്ഷമായ ഏപ്രില്‍ 13, 14 തീയതികളില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെയടക്കം പിടികൂടിയെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ (എ.ഐ.എല്‍.യു), എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ പറഞ്ഞു.

ആയിരത്തിലേറെ ആളുകളെയാണ് യു.പി പൊലീസ് തൊഴിലാളി സമരത്തിന്റെ ഭാഗമായി തടവിലാക്കിയിരിക്കുന്നത്.

സമരത്തിന് സാക്ഷികളായവര്‍, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിര്‍മാണ തൊഴിലാളികള്‍, മരുന്നും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും വാങ്ങാന്‍ കടകളിലെത്തിയവര്‍ എന്നിവരടക്കം എണ്ണൂറോളം മുതിര്‍ന്നവരെയും പൊലീസ് പിടികൂടി തടവിലാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിഫോമിലല്ലാതെയും പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ കസ്റ്റഡിയിലെടുത്തു.

ഏപ്രില്‍ 15, 17 തീയതികളില്‍ ജോലിസ്ഥലത്തെത്തിയ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സ്ഥാപനങ്ങളുടെ ഒത്താശയിലാണ് പലയിടത്തും തൊഴിലാളി വേട്ട. അറസ്റ്റിനെക്കുറിച്ചും തടവിലാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കുടുംബങ്ങള്‍ക്ക് പൊലീസ് കൈമാറിയതുമില്ല.

നോയ്ഡയില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ മൂന്ന് സംഘടകളുടെയും ദല്‍ഹി സംസ്ഥാന സമിതി പ്രതിനിധികള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി. നൂറിലധികം ആളുകളുമായി സംസാരിച്ച് വിവരം ശേഖരിച്ചു.

പൊലീസിന്റെയും സര്‍ക്കാരിന്റെയും ഇത്തരം നടപടികള്‍ ഭരണഘടനാ മാനദണ്ഡങ്ങളെയും സുപ്രീം കോടതി നിയമങ്ങളെയും കാറ്റില്‍ പറത്തുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നിയമനടിപടികളെക്കുറിച്ച് പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയമായവര്‍ക്ക് സംഘടനാ പ്രതിനിധികള്‍ നിര്‍ദേശം നല്‍കി.

അതേസമയം, ആയിരത്തിലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തപ്പോള്‍ ചിലരെ മാത്രമാണ് പൊലീസ് വിട്ടയച്ചത്. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം സ്റ്റേഷനില്‍ ചെന്ന് വാങ്ങാനാണ് പൊലീസ് നിര്‍ദേശം. സമരത്തിന് നേതൃത്വം നല്‍കിയവര്‍ യു.പിയില്‍ തുടരരുതെന്നും പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

സമരത്തെ തുടര്‍ന്ന് ഈ മാസം പത്തിന് പൊലീസ് അടച്ചുപൂട്ടിയ നോയ്ഡയിലെ രണ്ട് സി.ഐ.ടി.യു ഓഫീസുകളില്‍ ഒന്ന് ഇനിയും തുറന്നുകൊടുത്തിട്ടില്ല. രൂക്ഷമായ സമരം നടന്ന ഫേസ് ടുവിലെ ഓഫീസാണ് ഇതുവരെ തുറക്കാത്തത്.

സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഗംഗേശ്വര്‍ ദത്ത് ശര്‍മയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ട്രേഡ് യൂണിയനുകളില്‍ സി.ഐ.ടി.യുവിനെ മാത്രമാണ് സര്‍ക്കാരും പൊലീസും ലക്ഷ്യമിടുന്നത്.

ഇതുവരെ സി.ഐ.ടി.യുവിന്റെ പത്തിലധികം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. സി.ഐ.ടി.യു ദല്‍ഹി സംസ്ഥാന ഭാരവാഹികളായ പി.വി. അനിയന്‍, വിരേന്ദ്ര ഗൗര്‍ എന്നിവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.

സമരത്തില്‍ അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി നോയ്ഡ പൊലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഏപ്രില്‍ 13 മുതല്‍ 17 വരെ നടന്ന അറസ്റ്റുകളില്‍ ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ഓഫീസുകള്‍ പൂട്ടി സീല്‍ വെച്ചത് ആശങ്കജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Noida workers’ strike; UP police take 350 children into custody

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.