നോയിഡ സമരം; 13 ദിവസത്തിന് ശേഷം സി.ഐ.ടി.യു നേതാവിന് മോചനം
India
നോയിഡ സമരം; 13 ദിവസത്തിന് ശേഷം സി.ഐ.ടി.യു നേതാവിന് മോചനം
നിഷാന. വി.വി
Thursday, 23rd April 2026, 11:42 am

നോയിഡ: നോയിഡയിലെ തൊഴിലാളി സമരം അടിച്ചമര്‍ത്തുന്നതിനായി യു.പി പൊലീസ് വീട്ടുതടങ്കലിലാക്കിയ സി.ഐ.ടി.യു നേതാവിന് 13 ദിവസത്തിന് ശേഷം മോചനം.

സി.ഐ.ടി.യു ഗൗതം ബുദ്ധ് നഗര്‍ ജില്ലാ സെക്രട്ടറി ഗംഗേശ്വര്‍ ദത്ത് ശര്‍മയെയായിരുന്നു വീട്ടുതടങ്കലിലാക്കിയിരുന്നത്. സമരം തുടങ്ങിയ ഏപ്രില്‍ ഒമ്പതിന് രാത്രിയാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഫോണും പിടിച്ചെടുത്തിരുന്നു.

സ്ഥലത്തെ സി.ഐ.ടി.യു ഓഫീസുകള്‍ അടച്ചുപൂട്ടി. സമരത്തില്‍ പങ്കെടുത്തവരെ പിന്നീട് പൊലീസ് വിട്ടയച്ചെങ്കിലും ഗംഗേശ്വറിനെ മോചിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

സി.ഐ.ടിയു സമ്മര്‍ദം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ മോചിപ്പിച്ചത്.

‘തൊഴിലാളികളുടെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നത് തടയുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇത്രയുംനാള്‍ എന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്,’ മോചിതനായശേഷം ഗംഗേശ്വര്‍ പറഞ്ഞു.

സമരത്തിന്റെ ഭാഗമായ നൂറോളം തൊഴിലാളികള്‍ ജയിലില്‍ തുടരുകയാണ്. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചും സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ വെള്ളിയാഴ്ച ദല്‍ഹി ജന്തര്‍ മന്തറില്‍ പരിപാടി സംഘടിപ്പിക്കും.

ശമ്പള വര്‍ധനവും എട്ട് മണിക്കൂര്‍ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയത്.

നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികള്‍ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷത്തിനും ഇത് കാരണമായിരുന്നു.

Content Highlight: Noida strike; CITU leader released after 13 days

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.