'ഒരു കുട്ടിപോലും അടിമയാക്കപ്പെടുന്നത് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല'; രാജ്യത്ത് ബാലവേലയും മനുഷ്യക്കടത്തും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി കൈലാഷ് സത്യാര്‍ത്ഥി
national news
'ഒരു കുട്ടിപോലും അടിമയാക്കപ്പെടുന്നത് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല'; രാജ്യത്ത് ബാലവേലയും മനുഷ്യക്കടത്തും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി കൈലാഷ് സത്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 12:03 pm

ന്യൂദല്‍ഹി: കൊവിഡ് മഹാമാരി കാരണം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബാല വേലയും മനുഷ്യക്കടത്തും വര്‍ധിച്ചേക്കാമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി.

‘ഈ സമയത്തെ ഏറ്റവും വലിയ ഭീഷണി എന്ന് പറയുന്നത് നമ്മുടെ കുട്ടികളെ വീണ്ടും അടിമപ്പണിയിലേക്കും ബാലവേലയിലേക്കും ശൈശവ വിവാഹത്തിലേക്കും നയിച്ചേക്കാം എന്നതാണ്,’ കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥ തകര്‍ന്നത് രാജ്യത്തെ ജനങ്ങളെ വലിയ രീതിയില്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട്. അന്നന്നത്തെ അന്നം കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങള്‍ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വരാമെന്നും അദ്ദേഹം അനുമാനിക്കുന്നു.

സെപ്തംബര്‍ ആദ്യം ബാലവേല ചെയ്തിരുന്ന പെണ്‍കുട്ടികളെ സത്യാര്‍ത്ഥിയുടെ സംഘടനയുടെ നേതൃത്വത്തില്‍ പൊലീസ് മുഖേന രക്ഷപ്പെടുത്തിയിരുന്നു. പശ്ചിമേന്ത്യയിലെ ഒരു ചെമ്മീന്‍ സംസ്‌കരണ യൂണിറ്റില്‍ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

കുട്ടികള്‍ ഒരിക്കല്‍ ട്രാപ്പില്‍പ്പെട്ടുപോയാല്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സ്ഥിതി വരെ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

‘ഒരിക്കല്‍ പെട്ടുപോകുന്ന കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകും. കുട്ടികളെ കെണിയില്‍പ്പെടുത്താന്‍ വളരെ എളുപ്പവുമായിരിക്കും. നമ്മുടെ സര്‍ക്കാര്‍ അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു വലിയ വിഷയമാണിത്,’ കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.

രാജ്യത്ത് ഒരു കുട്ടിപോലും അടിമയാക്കപ്പെടുന്നത് തനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഇത് അര്‍ത്ഥമാക്കുന്നത് നമ്മുടെ ഭരണ വ്യവസ്ഥയിലും സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലും ഒക്കെ കാര്യമായ പ്രശ്‌നമുണ്ടെന്നാണ്. ഒരു കുട്ടിപോലും ഇത്തരം കാര്യങ്ങളില്‍ അകപ്പെട്ട് പോയിട്ടില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ദശാബ്ദത്തിനിടെ നിരവധി കുട്ടികളെ മനുഷ്യക്കടത്തില്‍ നിന്നും അടിമവേല ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയയാളാണ് 2014ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച കൈലാഷ് സത്യാര്‍ത്ഥി.

അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ ബാലവേലാ നിരക്ക് കുറഞ്ഞാലും 10.1 മില്യണ്‍ കുട്ടികള്‍ ഇപ്പോഴും ഇത്തരം ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nobel laureate Kailash Sathyarthi says human trafficking and child labour