നൊബേൽ കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനം; ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല; നോർവേ വിദേശകാര്യ വക്താവ്
World
നൊബേൽ കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനം; ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല; നോർവേ വിദേശകാര്യ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 3:04 pm

ഓസ്ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായി വെനസ്വെലൻ രാഷ്ട്രീയ നേതാവും മനുഷ്യവകാശ പ്രവർത്തകയുമായ മരിയ കൊറീന മച്ചാഡോ. നൊബേൽ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിതയാണ് മരിയ.

ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് സ്വയം അവകാശപ്പെടുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനസ്വെലൻ പ്രതിപക്ഷ നേതാവിന് ലഭിച്ചത്.

ട്രംപിന് സമ്മാനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മിക്ക നൊബേൽ വിദഗ്‌ധരും നോർവീജിയൻ നിരീക്ഷകരും പറഞ്ഞിരുന്നു. ഇത് പരസ്യമായി അവഗണിക്കുന്നതിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് ആശങ്കയുണ്ടാക്കുന്നെന്നും നോർവേ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടി നേതാവും വിദേശനയ വക്താവുമായ കിർസ്റ്റി ബെർഗ്‌സ്റ്റോ പറഞ്ഞു.

‘യു.എസ് പ്രസിഡന്റ് അമേരിക്കയെ ഏതറ്റം വരെയും കൊണ്ടുപോകും. അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവില്ല, രഹസ്യ പോലീസിന്റെ മുഖംമൂടി ധരിച്ച് പകൽ വെളിച്ചത്തിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നു. സ്ഥാപനങ്ങളെയും കോടതികളെയും അടിച്ചമർത്തുന്നു.പ്രസിഡന്റ് ഇത്രയ്ക്കും സ്വേച്ഛാധിപതിയാകുമ്പോൾ നമ്മൾ എന്തിനും തയ്യാറായിരിക്കണം,’ അവർ പറഞ്ഞു.

നൊബേൽ കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനമാണ്. കമ്മിറ്റിയുടെ സ്വാതന്ത്ര്യമാണ് സമ്മാനത്തിന് വിശ്വാസ്യത നൽകുന്നതെന്നും നോർവീജിയൻ സർക്കാരിന് നൊബേൽ നിർണയിക്കുന്നതിൽ ഒരു പങ്കുമില്ലെന്ന കാര്യം ട്രംപിന് അറിയാമോ എന്നതിൽ തനിക്ക് ഉറപ്പില്ലെന്നും ബെർഗ്‌സ്റ്റോ കൂട്ടിച്ചേർത്തു.

‘സമാധാന സമ്മാനങ്ങൾ നൽകുന്നത് സോഷ്യൽ മീഡിയയിലൂടെയുള്ള കോലാഹങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല നിരന്തരമായ പ്രതിബദ്ധതയിലൂടെയാണ്. ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാനകരാറിൽ ട്രംപിന്റെ പിന്തുണ നല്ലതാണ്. ഗസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു നടപടിയും സ്വാഗതാർഹമാണ് എന്നാൽ വൈകി നൽകിയ ഒരു സംഭാവന ഇത്രയേറെ നാശങ്ങൾ നികത്തുന്നതിന് കാരണമാകില്ല,’ അവർ പറഞ്ഞു.

നേരത്തെ നോർവേയുടെ ധനമന്ത്രിയും മുൻ നാറ്റോ സെക്രട്ടറി ജനറലുമായ ജെൻസ് സ്റ്റോൾട്ടൻബർഗിനെ വിളിച്ച് നോബൽ സമ്മാനത്തെക്കുറിച്ച് അന്വേഷിച്ചതായി ട്രംപ് റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് പ്രസിഡന്റിന്റെ ഗസ പദ്ധതി ഇസ്രായേലും ഹമാസും അംഗീകരിക്കുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 2025 ലെ സമാധാന നൊബേൽ ജേതാവിനെ തീരുമാനിച്ചതെന്നും നോർവീജിയൻ നൊബേൽ കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയിൽ, ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. തനിക്ക് തീരുവ ചുമത്താനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഏഴ് യുദ്ധങ്ങളിൽ നാലെണ്ണമെങ്കിലും പൊട്ടിപുറപ്പെടുമായിരുന്നെന്നും യുദ്ധങ്ങൾ നിർത്താനായി താൻ തീരുവകൾ ഉപയോഗിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. താരിഫുകൾ കാരണമാണ് പല യുദ്ധങ്ങൾ നിർത്താലായതെന്നും ട്രംപ് പറഞ്ഞു.

Content Highlight: Nobel Committee is an independent body; don’t know how Trump will react; Norwegian Foreign Ministry spokesperson