ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍; ഒരു മാസത്തിനിടെ 3,071 അറസ്റ്റ്, പിടിച്ചെടുത്തത് 158 കിലോ കഞ്ചാവ്, കൂടുതല്‍ കേസുകള്‍ എറണാകുളം ജില്ലയില്‍
Kerala News
ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍; ഒരു മാസത്തിനിടെ 3,071 അറസ്റ്റ്, പിടിച്ചെടുത്തത് 158 കിലോ കഞ്ചാവ്, കൂടുതല്‍ കേസുകള്‍ എറണാകുളം ജില്ലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd November 2022, 10:06 am

തിരുവനന്തപുരം: ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്ന് വരെ നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പെയ്‌നിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2823 കേസുകള്‍. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ 3,071 പേരെ പോലീസ് അറസ്റ്റും ചെയ്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായതും എറണാകുളം ജില്ലയിലാണ്. 405 കേസുകളിലായി 437 പേരെയാണ് എറണാകുളം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്.

കോട്ടയത്ത് 376 കേസുകളില്‍ 390 പേരെയും ആലപ്പുഴയില്‍ 296 കേസുകളില്‍ 308 പേരെയും അറസ്റ്റ് ചെയ്തു. കേസുകളില്‍ ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരെയാണ് 45 കേസുകളിലായി പിടികൂടിയത്.

ക്യാമ്പെയിന്‍ കാലയളവില്‍ 158.46 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്.

തിരുവനന്തപുരത്ത് 920.42 ഗ്രാമും മലപ്പുറത്ത് 536.22 ഗ്രാമും എം.ഡി.എം.എ പിടികൂടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത്. കോട്ടയത്ത് 92.49 കിലോയും തൃശൂരില്‍ 21.83 കിലോയും മലപ്പുറത്ത് 18.98 കിലോയും പിടിച്ചെടുത്തു.

അതേസമയം, ലഹരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പെയ്നിന്റെ അടുത്ത ഘട്ടം നവംബര്‍ 14 മുതല്‍ ജനുവരി 26 സംഘടിപ്പിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം വിശദാംശങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ക്യാമ്പെയ്‌നിന്റെ സമാപനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും കണ്ണിചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയില്‍ കണ്ണിചേര്‍ന്നു. തുടര്‍ന്ന് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു.

Content Highlight: No To Drugs Campaign; 3071 Drug cases Registered Within a month