ഇറാനും യു.എസും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല; ട്രംപിന്റെത് എണ്ണ വില കുറക്കാനുള്ള തന്ത്രം; പിന്മാറുന്നത് ഭയന്നാകാം: ഇറാനിയന്‍ മാധ്യമങ്ങള്‍
Iran US Conflict
ഇറാനും യു.എസും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല; ട്രംപിന്റെത് എണ്ണ വില കുറക്കാനുള്ള തന്ത്രം; പിന്മാറുന്നത് ഭയന്നാകാം: ഇറാനിയന്‍ മാധ്യമങ്ങള്‍
അനിത സി
Monday, 23rd March 2026, 7:18 pm

ടെഹ്‌റാന്‍: ഇറാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും അഞ്ച് ദിവസം വിട്ടുനില്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍.

യു.എസും ഇറാനും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇറാനും വാഷിങ്ടണും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ട്രംപിന്റെത് ഇന്ധന വിലകള്‍ കുറയ്ക്കാനുള്ള തന്ത്രമാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് ഭയന്നുള്ള പിന്മാറ്റമാണെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ഐ.ആര്‍.ഐ.ബി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ട്രംപ് ആക്രമണത്തില്‍ നിന്നും ഹോര്‍മുസ് തുറക്കാനുള്ള 48 മണിക്കൂര്‍ അന്ത്യശാസനത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു,

നേരത്തെ, ഇറാനുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നുവെന്നും ഇറാനിലെ ഇന്ധന കേന്ദ്രങ്ങളിലേക്ക് അഞ്ച് ദിവസത്തേക്ക് ആക്രണമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമേഷ്യയിലെ ശത്രുതയ്ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ പരിഹാരം കണ്ടെത്തുന്നതിനായി യു.എസും ഇറാനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഇറാന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ എല്ലാ യു.എസ് ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് വൈകിപ്പിക്കാന്‍ തീരുമാനിച്ചു’ ട്രംപ് പറഞ്ഞു. എന്നാല്‍, മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളല്ലാതെ ഇറാന്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വൈദ്യുത, ഊര്‍ജകേന്ദ്രങ്ങളിലേക്ക് ശക്തമായ ആക്രമണമുണ്ടാകുമെന്ന കഴിഞ്ഞദിവസത്തെ ട്രംപിന്റെ ഭീഷണിക്കെതിരെ ഐ.ആര്‍ജി.സി രംഗത്തെത്തിയിരുന്നു.

ഇറാന്റെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, അധിനിവേശ ഇസ്രഈല്‍ ഭരണകൂടത്തിന്റെ വൈദ്യുത നിലയങ്ങളെയും യു.എസ് താവളങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന പ്രാദേശിക രാജ്യങ്ങളുടെ വൈദ്യുത നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കക്കാര്‍ക്ക് പങ്കാളിത്തമുള്ള സാമ്പത്തിക, വ്യാവസായിക, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.

അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച ഡോളര്‍ ഇടിയുകയും പത്ത് ശതമാനം എണ്ണവില കുറയുകയും ചെയ്തു. സ്വര്‍ണത്തിനും വിലയിടിഞ്ഞു.

Content Highlight: Temporary ceasefire to reduce oil prices; No talks between Iran and US; Withdrawal due to fear: Iranian media

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.