ന്യൂദല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. എന്നാല്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ ആവശ്യപ്പെടരുതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ അതില്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹരജിയിലെ വാദങ്ങളില്‍ ന്യായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സംസ്ഥാനത്തെ 1.76 ലക്ഷം ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഈ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
88 ശതമാനം എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. 98.8 ശതമാനം ഫോമുകളുടെ വിതരണം പൂര്‍ത്തിയായിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു.
എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ ആര്‍ക്കും പ്രശ്‌നങ്ങളില്ല. സംസ്ഥാനത്തിനാണ് പ്രശ്‌നമെന്നും എസ്.ഐ.ആര്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകം ജീവനക്കാരെ (25,468 പേരെ) നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ അതൃപ്തി ഉള്ളതെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.
ഡിസംബര്‍ 21 വരെ സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ സമയപരിധി നീട്ടിവെക്കാന്‍ സംസ്ഥാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ നടക്കും, വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.
ഫോമുകള്‍ തിരികെ നല്‍കാന്‍ ആര്‍ക്കെങ്കിലും അവസരം നഷ്ടപ്പെട്ടാലോ ബി.എല്‍.ഒമാര്‍ക്ക് കൃത്യമായി ഡിജിറ്റലൈസ് ചെയ്യാന്‍ കഴിയാതിരുന്നാലോ നിങ്ങള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയോട് ബെഞ്ച് പറഞ്ഞു.
കേരളത്തിലെ എന്‍.ആര്‍.ഐകള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ചൂണ്ടിക്കാട്ടി. 35 ലക്ഷം കേരളീയര്‍ എന്‍.ആര്‍.ഐകളാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെങ്കിലും അപേക്ഷകര്‍ വീട്ടില്‍ നേരിട്ട് ഹാജരാകണമെന്ന് ബി.എല്‍.ഒമാര്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും ബീരാന്‍ കോടതിയെ അറിയിച്ചു.
Content Highlight: No stay on Kerala SIR; but don’t demand more government employees: Supreme Court